നിലമ്പൂര്‍: വഴിക്കടവിലും പരിസര പ്രദേശങ്ങളിലും കവര്‍ച്ച പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കല്ല് കുന്നുമ്മല്‍ സൈനുല്‍ ആബിദ്(34) ആണ് പിടിയിലായത്.
രണ്ടര വര്‍ഷത്തോളമായി മേഖലയിലെ കടകള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മോഷണം പതിവായിരുന്നു. മേല്‍ക്കൂര പൊളിച്ച് അകത്ത് കയറി കവര്‍ച്ച നടത്തുന്നതായിരുന്നു രീതി. കഴിഞ്ഞ മാസം വഴിക്കടവ് ടൗണിലെ ചില കടകളില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ബാലനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ബാലനെ കേസില്‍ പ്രതിയാക്കുകയും ചെയ്തെങ്കിലും മറ്റു തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എടക്കര സി.ഐ പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടുകളും സ്ഥാപനങ്ങളും കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മോഷ്ടിച്ചെടുത്ത ഫോണും റീചാര്‍ജ് കൂപ്പണുകളും സഹിതമാണ് വ്യാഴാഴ്ച പ്രതി പിടിയിലായത്. സ്വന്തം ബന്ധുക്കളുടെയും അയല്‍വാസികളുടെയും വീടുകളില്‍പോലും പ്രതി കവര്‍ച്ച നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമുള്ളതിനാല് ഭാര്യയും മക്കളും പിരിഞ്ഞ് നില്‍ക്കുകയാണ്. സംശയത്തിന്റെ പേരില്‍ പൊലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും ഉപായം പറഞ്ഞ് രക്ഷപ്പെടാണ് പതിവ്. രണ്ട് വര്‍ഷം മുമ്പ് ബന്ധുവും അയല്‍വാസിയുമായ വേരേങ്ങല്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്ന് 8000 രൂപയും ഫോണും ഇലക്ട്രിക് ഉപകരണങ്ങളും മോഷ്ടിച്ചു. ഒരുവര്‍ഷം മുമ്പ്, ബന്ധുവായ കെട്ടുങ്ങലിലെ വേരേങ്ങല്‍ ബഷീറിന്റെ വീട്ടില്‍ നിന്ന് 75000 രൂപയും അര പവന് സ്വര്‍ണ മോതിരവും വാച്ചും കവര്‍ന്നു.
നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എടക്കര സിഐ പി.അബ്ദുല്‍ ബഷീര്‍, വഴിക്കടവ് എസ്.ഐ എം.അഭിലാഷ്, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: