ശ്രീകാര്യം: തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നേരെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ പീഡനമെന്ന് പരാതി. ഓണം അവധി കഴിഞ്ഞതോടെയാണ് ഹോസ്റ്റലില്‍ റാഗിംഗ് തുടങ്ങിയതെന്നാണ് ആരോപണം. രണ്ടുവര്‍ഷം മുമ്പ് ഈ കോളേജില്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിനിടെ കോളേജിനുള്ളില്‍ വച്ച് ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ചിരുന്നു. ശേഷം ഹോസ്റ്റലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇവിടെ പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ ചില വിദ്യാര്‍ഥികളും നാട്ടുകാരും പറയുന്നു.
ഹോസ്റ്റലില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പകല്‍ സമങ്ങളില്‍ വാര്‍ഡനും മറ്റ് ജീവനക്കാരും എത്താറുണ്ട്. ഇതിനാല്‍ രാത്രിയാണ് അതിക്രമങ്ങള്‍ നടക്കുന്നതെന്ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ പറയുന്നു. രാത്രി സമയങ്ങളില്‍ ഹോസ്റ്റലിനു സമീപമുള്ള മെസ്സിലേക്ക് പോകുന്ന വഴിക്ക് വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുക പതിവാണെന്നും കൂടതെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ അടികൂടിപ്പിക്കുകയും അടിക്ക് ശക്തി കൂട്ടണമെന്ന് പറഞ്ഞ് ഇവരെ മര്‍ദ്ദിക്കുകയും ചെയ്യുക പതിവാണ്. ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിലും ലൈറ്റുകള്‍ അണച്ചശേഷവുമാണ് തങ്ങളെ ഉപദ്രവിക്കുന്നതെന്നും ഇവര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് ഹോസ്റ്റലില്‍ ഏറെയും താമസിക്കുന്നത്. തങ്ങള്‍ക്കെതിരെ പരാതി നല്കുന്നവര്‍ ഹോസ്റ്റലില്‍ തുടരില്ലെന്നാണ് ഭീഷണിപ്പെടുത്തുന്നതിനാല്‍ ഇത് ഭയന്ന് കുട്ടികള്‍ പുറത്ത് പരാതി പറയാറില്ല.
സംഭവത്തെത്തുടര്‍ന്ന് ഭയന്ന് എട്ട് കുട്ടികള്‍ സമീപത്തെ സ്വകാര്യ ഹോസ്റ്റലുകളിലേക്ക് താമസം മാറ്റി. ഫീസ്റ്റ് എന്ന പേരില്‍ ഇടയ്‌ക്കിടക്ക് കോളേജിലെ മെസ്സില്‍ നടക്കുന്ന സത്കാരത്തില്‍ മദ്യം വിളമ്പുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പുതിയ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കാറുണ്ടെന്നും ആരോപണമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ് ഹോസ്റ്റല്‍ മെസിന്റെയും ചുമതല. എന്നാല്‍ ഫീസ്റ്റ് നടക്കാറുണ്ടെന്നും അതില്‍ മദ്യം വിളമ്പുന്നുവെന്ന പരാതി ഇതുവരെ കേട്ടിട്ടില്ലെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറഞ്ഞു.
കോളേജിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിയെ ഇടിച്ചിട്ട ജീപ്പടക്കം നാല് വാഹനങ്ങള്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചിരുന്നവയായിരുന്നു. പലതും വര്‍ഷങ്ങളായി ഹോസ്റ്റലിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കൈമാറി വന്നവയാണ്. ഈ സമയത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് മദ്യകുപ്പികളും ആയുധങ്ങളും കണ്ടെത്തിയിരുന്നതാണ്.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം ചില വിഭാഗങ്ങളിലെ അധ്യാപകര്‍ രാത്രി മെസ് പ്രവര്‍ത്തിക്കുന്ന സമയത്ത് ഇവിടെ പോയിരുന്നതാണ്. കോളേജ് ഹോസ്റ്റലില്‍ റാഗിംഗ് നടക്കന്നുണ്ടെന്നത് സംബന്ധിച്ച് യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിഇടി പ്രിന്‍സിപ്പല്‍ ജെ. ഡേവിഡ് പറഞ്ഞു.
















