പാലക്കാട്:ജീവനക്കാരുടെ കുറവ് മൂലം ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു. പനിയും പകര്‍ച്ചവ്യാധികളും വ്യാപിച്ചിരിക്കുന്ന സമയത്ത് ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
ദിനംപ്രതി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ഇതിനാല്‍ കഷ്ടത അനുഭവിക്കുന്നത്. ഒ.പി.വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്നവരെ പരിശോധിച്ച് മരുന്നു നല്‍കാനും വേണ്ടത്ര ഡോക്ടര്‍മാരില്ല. പനിയും മറ്റ് രോഗങ്ങളുമായി വരുന്നവര്‍ ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും തുടര്‍ നടപടിക്കു ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ വലയുകയാണ്. അതിനാല്‍ ചികിത്സ തേടിയെത്തുന്ന പലരെയും മറ്റ് ആശുപത്രികളിലേയ്ക്കു പറഞ്ഞുവിടുകയാണു പതിവ്.
ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്കാണ് ജോലി ഭാരം ഏറെയും. ഡോക്ടര്‍മാരുടെയും സ്റ്റാഫ് നഴ്സുമാരുടേയും മറ്റ് ജീവനക്കാരുടേയും കുറവ് ഇവിടെ ചികിത്സക്കായി എത്തുന്ന രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്നതിന് കാരണമാകുന്നു. ഇത് ആശുപത്രിയില്‍ എത്തുന്ന രോഗികളും ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം ചികിത്സക്കായി എത്തിയ രോഗി മരിച്ചത് ജീവനക്കാര്‍ തക്ക സമയത്ത് ചികിത്സ ലഭ്യമാക്കത്തതിനാലാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗം മാറ്റിയത് ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെയാണെന്നും ആരോപണം ഉയരുന്നുണ്ട്. അത്യാസന്ന നിലയിലെത്തുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്നത് ജീവനക്കാര്‍ വളരെ ബുദ്ധിമുട്ടിയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അത്യാസന്ന നിലയിലായ രോഗികളെ വളരെ വേഗത്തില്‍ ചികിത്സക്കായി എത്തിക്കുന്നത് ദുഷ്കരമാണ്. ഇതിനാല്‍ കൃത്യസമയത്ത് രോഗികള്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തത് രോഗികളുടെ മരണത്തിന് തന്നെ കാരണമാകുന്നു.
ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന് നല്കുന്നില്ലായെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജനറല്‍ ട്രാന്‍സ്ഫര്‍ നല്‍കിയാണ് ജീവനക്കാര്‍ക്ക് പ്രമോഷന് നല്‍കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഇത് ജില്ലാ ആശുപത്രിയില്‍ നടക്കുന്നില്ല. 2011 മുതല്‍ പ്രമോഷന് ലഭിക്കുന്നതിനായി 160 ല്‍ അധികം ജീവനക്കാരാണ് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്നത്. പാര്‍ടൈം ജീവനക്കാരുടെ ഇന്റര്‍വ്യൂ കഴിഞ്ഞിട്ട് മാസങ്ങളായിട്ടും ആരെയും ഇതുവരെ വിളിച്ചിട്ടില്ല. ഇതും പ്രതിഷേധത്തിന് ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: