മുംബൈ: ഓസ്കാര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഹിന്ദി ചിത്രം ന്യൂട്ടണ്‍ തെരഞ്ഞെടുത്തു. ഓസ്കറില് വിദേശഭാഷ വിഭാഗത്തിലേക്കാണ് ന്യൂട്ടണ്‍ മത്സരിക്കുക. അമിത് മസുര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തെലുങ്കു നിര്‍മാതാവ് സി.വി.റെഡ്ഡി അധ്യക്ഷനായ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. 26 സിനിമകളില്‍ നിന്നാണ് തെരഞ്ഞെടുത്തതെന്ന് എഫ്എഫ്ഐ സെക്രട്ടറി ജനറല്‍ സുപ്രന് സെന്‍ പറഞ്ഞു. 2018 മാര്‍ച്ച് നാലിന് ലോസ് ആഞ്ചല്‍സിലാണ് 90ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം.
രാജ്കുമാര് റാവു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയാണിത്. ഛത്തീസ്ഗഢിലെ സംഘര്‍ഷ ബാധിത പ്രദേശത്ത് വോട്ടെടുപ്പ് നടത്താനെത്തുന്ന ദയാലുവായ തെരഞ്ഞെടുപ്പ് ഓഫീസറെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. മനീഷ് മുദ്ര നിര്‍മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും മസുര്‍ക്കര്‍ തന്നെയാണ്.
പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടില്‍, രഘുബിര്‍ യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: