തിരുവനന്തപുരം: ജില്ലയിലെ ഒമ്പതുമാസം മുതല്‍ പതിനഞ്ചുവയസു വരെയുള്ള കുട്ടികള്‍ക്കായി മീസില്‍സ് (അഞ്ചാംപനി), റൂബെല്ല രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്‌പ് നല്‍കാന്‍ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും തയ്യാറെടുക്കുന്നു. രണ്ട് രോഗങ്ങള്‍ക്കെതിരെ സുരക്ഷിതമായ വാക്സിന്‍ ഒരൊറ്റ ഡോസായി, ഒരു കുത്തിവയ്‌പ്പിലൂടെ എല്ലാ കുട്ടികള്‍ക്കും നല്‍കി 2020 ഓടെ ഈ രോഗങ്ങളെ ഇല്ലാതാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഒക്ടോബര്‍ 3ന് ക്യാമ്പയിന്‍ ആരംഭിക്കും. ജില്ലയില്‍ 634771 കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്‌പ്പ് നല്‌കേണ്ടത്. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ ഐഎംഎ, ഐഎപി എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പ്രതിരോധകുത്തിവയ്‌പ്പ് നടത്തുന്ന സ്‌കൂളുകളില്‍ ഡോക്ടറുടെ സാന്നിധ്യം ഉറപ്പുവരുത്തും.
















