പേരൂര്‍ക്കട: മെറ്റല്‍ ഇളകിക്കിടക്കുന്നതിനാല്‍ പരിതാപകരമായ അവസ്ഥയില്‍ പരുത്തിപ്പാറ-അമ്പലംമുക്ക് റോഡ്. വാഹനങ്ങള്‍ കുഴിയില്‍ വീഴാതെ യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കസ്സ് പഠിക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. േറാഡിന്റെ ദുരവസ്ഥ കാരണം ഇരുചക്രവാഹനയാത്രക്കാര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രണ്ട് തവണ ഈ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നിട്ടും റോഡിന്റെ ദുരവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടായില്ല. അമ്പലമുക്ക് ജംഗ്ഷനില്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരം കാണുന്നതിനാണ് തറയോട് പാകിയത്. തറയോട് പാകി ആറ് മാസത്തിനുള്ളില്‍ വാട്ടര്‍ അതോറിറ്റിയും വൈദ്യുതിവകുപ്പും റോഡ് കുത്തിക്കുഴിച്ചു.കെഎസ്ഇബി വൈദ്യുതലൈന്‍ സ്ഥാപിക്കാനായി തറയോട് നീക്കം ചെയ്തെങ്കിലും ഇവിടെ ജോലിയൊന്നും നടത്തിയില്ല. എന്നാല്‍ നീക്കം ചെയ്ത തറയോട് പുനസ്്ഥാപിക്കാനും തയ്യാറായില്ല. കൂടാതെ കാല്‍നടയാത്രക്കാര്‍ക്ക് വഴി മുടക്കി നടപ്പാതയിലും ഓടകള്‍ക്ക് മുകളിലും പൈപ്പുകള്‍ ഇറക്കിവച്ചിട്ടുണ്ട്. പൈപ്പുകള്‍ ചിലപ്പോള്‍ റോഡിലേക്ക് തെന്നിവീഴാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഈ പൈപ്പുകള്‍ മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നതായും പരാതിയുണ്ട്.
















