പേരൂര്‍ക്കട: ലണ്ടനില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന പേരില്‍ പോലീസുകാരനെതിരെ പരാതി. പേരൂര്‍ക്കട പോലീസിലാണ് കാട്ടാക്കട ആമച്ചല്‍ സ്വദേശിനിയായ വീട്ടമ്മ പരാതി നല്‍കിയത്. തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്ന മുട്ടട വയലിക്കട സ്വദേശിയായ പോലീസുകാരന്‍ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്നയാളാണ്. തനിക്ക് ലണ്ടനില്‍ ഒരു സുഹൃത്തുണ്ടെന്നും ഇയാള്‍ വഴി ജോലി നല്‍കാം എന്നും പറഞ്ഞാണ് പോലീസുകാരന്‍ പണം വാങ്ങിയതെന്നാണ് വീട്ടമ്മയുടെ പരാതി. എന്നാല്‍ പോലീസുകാരന്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. വീട്ടമ്മയ്‌ക്ക് പണം തിരികെ നല്‍കാം എന്നുള്ള രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നു. കേസില്‍ നിന്ന് പിന്‍മാറാന്‍ വീട്ടമ്മയ്‌ക്ക്‌മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സംഭവത്തില്‍ ഉന്നത ഇടപെടലുണ്ടായതിനാല്‍ പേരൂര്‍ക്കട പോലീസും ആശയക്കുഴപ്പത്തിലാണ്.
















