കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ച പുതിയ മണ്ണില്ലാ നടീല്‍ മിശ്രിതം വന്‍ ഹിറ്റ്. മണ്ണിന് പകരമായി ഉപയോഗിക്കാവുന്ന പോഷക സമ്പുഷ്ട നടീല്‍ മിശ്രിതം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വിപണ മേളയില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് മിശ്രിതം വാങ്ങാനായി സിഎംഎഫ്ആര്‍ഐയില്‍ എത്തിയത്. മേളയില്‍ അയ്യായിരത്തോളം പായ്ക്കറ്റുകള്‍ക്ക് മുന്‍കൂര്‍ ബുക്കിംഗും ലഭിച്ചു.
നഗരപ്രദേശങ്ങളില്‍ ജൈവകൃഷി ചെയ്യുന്നവര്‍ക്ക് ഏറെ അനുഗ്രഹമാണ് പുതിയ നടീല്‍ മിശ്രിതം. മണ്ണിന്റെ ദൗര്‍ലഭ്യം നേരിടുന്ന നഗരത്തില്‍ പോഷകമൂല്യം കൂടിയ മണ്ണില്ലാ മിശ്രിതത്തിന്റെ പത്ത് കിലോയുടെ ഒരു പായക്കറ്റില്‍ ഗ്രോബാഗ് ഇല്ലാതെ തന്നെ നേരിട്ട് കൃഷി ചെയ്യാം. ഒരു പായ്ക്കറ്റില്‍ ഒരു തൈ എന്ന നിരക്കിലാണ് കൃഷി ചെയ്യേണ്ടത്.
മിശ്രിതം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം നടത്താന്‍ താല്‍പര്യമറിയിച്ചും നിരവധി പേര് മേളയിലെത്തി. സംരംഭകരാകാന്‍ താല്‍പര്യമറിയിച്ചവര്‍ക്ക് കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴില്‍ പരിശീലനം നല്‍കും. താല്പര്യമുള്ള സ്വയം സഹായക സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, മറ്റുള്ളവര്‍ക്കും കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിക്കാം.
കൂടാതെ, വേപ്പെണ്ണ, വേപ്പിന് പിണ്ണാക്ക്, വിവിധ ജൈവവളങ്ങള്‍, പച്ചക്കറി വിത്തുകള്‍, ജൈവകീടിനാശിനി തുടങ്ങിയ മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും മേളയില്‍ തിരക്കനുഭവപ്പെട്ടു. ഈ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന വിപണന കേന്ദ്രം സിഎംഎഫ്ആര്‍ഐയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്.
മണ്ണില്ലാ നടീല്‍ മിശ്രിതത്തിന് ലഭിച്ച വന്‍ ഡിമാന്റ് പരിഗണിച്ച് ഈ മാസം 26 ന് വീണ്ടും വിപണ മേള നടത്തുമെന്ന് കെവികെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യന് അറിയിച്ചു. സംരംഭകത്വ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്കും മിശ്രിതം ആവശ്യമുള്ളവര്‍ക്കും 8281757450 എന്ന നമ്പരില്‍ വിളിച്ച് പേര് ബുക്ക് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: