കൊല്ലങ്കോട്:പുതുനഗരം പഞ്ചായത്തിലെ വിരിഞ്ഞിപ്പാടം കാരാട്ടു കൊളുമ്പിലെ കുളം നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി. ഭൂഗര്‍ഭ ജലവിതാനം സമപ്പെടുത്താനും കാര്‍ഷികാവശ്യങ്ങള്‍ക്കും സമീപത്തുള്ള കിണറുകളിലെ വെള്ളം നില നിര്‍ത്താനും നബാര്‍ഡിന്റെ സഹായത്തോടെ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.
ഇതിനായി കണ്‍വീനറെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിലാണ് പണികള്‍ നടത്തുന്നത്. തുടക്കം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേട് നടന്നിട്ടും വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
36 ലക്ഷം രൂപ ചെലവില്‍ നബാര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് കുളം പുനര്‍ നിര്‍മ്മാണം നടത്തിയത്. നിര്‍മാണത്തിലെ അപാകതമൂലം കുളത്തിന്റെ ഭിത്തികള്‍ രണ്ടുതവണ തകര്‍ന്നു വീണിരുന്നു.കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുളത്തിന്റെ കിഴക്ക് ഭാഗത്ത് മൂന്ന് മീറ്ററോളം ഭിത്തി തകര്‍ന്നുവീണു.
അശാസ്ത്രീയ നിര്‍മ്മാണവും അഴിമതിയും നിറഞ്ഞ പ്രവര്‍ത്തനമാണ് കുളത്തിന്റെ ഭിത്തി തകരാന്‍ കാരണമെന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പുതുനഗരം മാങ്ങോട് സ്വദേശി സിഎംഎ ജമാല്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായി അന്വേഷണം പൂര്‍ത്തിയാക്കാനോ അഴിമതി നടത്തിയവരെ ശിക്ഷിക്കാനോ കഴിഞ്ഞിട്ടില്ല.
കുളം നവീകരണത്തിന്റെ പേരില്‍ ഫണ്ട് കൊള്ളയടിച്ചവര്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. കുളത്തില്‍ നിന്നെടുത്ത മണ്ണ് ചിറ്റൂര്‍ തഹസില്‍ദാര്‍ ലേലം ചെയ്യുമെന്ന് എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരുനടപടിയും ആയില്ല. കുളത്തിന്റെ വശങ്ങളില് മണ്ണിടണമെന്ന നിയമം പാലിക്കാതെ സമീപത്തുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റ സ്ഥലത്ത് നിക്ഷേപിക്കുകയും വില്‍പ്പന നടത്തുകയും മാവിന് ചുവട്ടില്‍ നികത്തിയതായും ആരോപിക്കുന്നു.
കുളം പുനര്‍നിര്‍മ്മാണത്തിന്റെ കണ്‍വീനറും കരാറുകാരനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ പ്രദേശവാസിയും ചേര്‍ന്നുള്ള അഴിമതിയാണ് കുളത്തിന്റെ ഭിത്തികള്‍ തകരാന്‍ കാരണമായതെന്ന് പരാതിക്കാരനായ ജലീല്‍ പറഞ്ഞു. സമീപത്തുള്ള വീടുകളും കക്കൂസുകളും തകര്‍ച്ചാ ഭീഷണി നേരിടുന്നു.
കുളം പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ ഫണ്ട് കൊള്ളയടിച്ചവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: