പാലക്കാട്:കനത്തമഴയെതുടര്‍ന്ന് ഉരുള്‍പ്പൊട്ടി ഗതാഗത തടസ്സമുണ്ടായ അട്ടപ്പാടി റോഡില്‍ 22 മുതല്‍ ചെറിയ വാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കും. അട്ടപ്പാടിയിലെ ജനജീവിതം എത്രയുംപെട്ടെന്ന് സാധാരണ നിലയിലാക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
ആനമൂളി മുതല്‍ മുക്കാലി വരെ ഇരുഭാഗത്തും ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം നിയന്ത്രിക്കും. കാറുകള്‍, ഓട്ടോറിക്ഷകള്‍, പച്ചക്കറി-ഗാസ്, മറ്റ് അടിയന്തര സാധനങ്ങള്‍ കൊണ്ട് പോകുന്ന ചെറിയ വാഹനങ്ങളാണ് കടത്തി വിടുക. വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ ഗതാഗതം നിരോധിക്കും.
29 മുതല്‍ ബസ് ഗതാഗതം അനുവദിക്കുന്നതിനായി പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്തും. ചരക്ക് വാഹനങ്ങളും മറ്റ് ഭാര വാഹനങ്ങളും കടത്തി വിടുന്നത് ചീഫ് എഞ്ചിനീയറുടെ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും. പൊതുമരാമത്ത് വകുപ്പ് ആവശ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് സേനയെ നിയോഗിക്കുകയും ചെയ്യും. ഉള്‍പ്രദേശങ്ങളിലെ റോഡുകളിലെ മണ്ണ് നീക്കി 29നകം ഗതാഗത യോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് അതത് തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജന പദ്ധതിയിലുള്‍പ്പെടുത്തി നിലവില്‍ നടക്കുന്ന പ്രവൃത്തികളും ത്വരിതപ്പെടുത്തും. കാഞ്ഞിരപ്പുഴ പദ്ധതിയില്‍ നിന്നുള്ള 100 മീറ്ററോളം പൈപ്പ്ലൈന് ഒലിച്ചുപോയത് പുന:സ്ഥാപിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കോളനികളിലും പുനരധിവാസകേന്ദ്രങ്ങളിലും പ്രത്യേക സംഘം ബോധവത്കരണം തുടരുന്നുണ്ട്.
എലിപ്പനിക്ക് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കണമോയെന്ന് പരിശോധിക്കും. വയറിളക്ക സാധ്യതയുള്ളതിനാല്‍ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തും. കോട്ടത്തറ ട്രൈബല്‍ ആശുപത്രി, പി.എച്ച്.സി. എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അടിയന്തര സാഹചര്യങ്ങള്‍ക്ക് സജ്ജമാക്കി. വീട് നിര്‍മാണത്തിന് മൂന്നാം ഗഡു ലഭിച്ചതിനെ തുടര്‍ന്ന് വാങ്ങിയ നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോയവര്‍ക്ക് ധനസഹായം നല്‍കുന്നതിന് ഐ.റ്റി.ഡി.പി. തയ്യാറാക്കുന്ന റിപ്പോര്‍ട്ട് വര്‍ക്കിങ് ഗ്രൂപ്പ് പരിഗണിച്ച് തീരുമാനിക്കും.
അടിയന്തര സാഹചര്യത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് നടത്തിയ മികച്ച സേവനം കണക്കിലെടുത്ത് അട്ടപ്പാടിയില്‍ ഒരു യൂനിറ്റ് തുടങ്ങാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. പൊലീസിന്റെ അഞ്ച് സംഘവും കമാന്‍ഡോകളും അട്ടപ്പാടിയിലുണ്ട്. കൃഷി വകുപ്പ് ഇതുവരെ 2.5 കോടിയുടെ നാശം കണ്ടെത്തി.കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കാന് സാധ്യതയുള്ളതിനാല്‍ മറ്റ് ബ്ലോക്കുകളില്‍ നിന്നും കൃഷി അസിസ്റ്റന്റുമാരെ നിയോഗിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും.
മൃഗങ്ങള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകള്‍ ലഭ്യമാക്കാന്‍ ജനപ്രതിനിധികള്‍ സഹകരിക്കും. മണ്ണാര്‍ക്കാട് മുതല്‍ ആനക്കട്ടി വരെ നിലവില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി താത്കാലികമായി മുക്കാലി-ആനക്കട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.
നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ ഉടന്‍ ലഭ്യമാക്കി പരിശോധിച്ച് തുക ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.പ്രാഥമിക നഷ്ടമായി മൂന്ന് കോടിയാണ് വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിലുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനായതെന്ന് യോഗം വിലയിരുത്തി. കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.ബി.രാജേഷ് എംപി, എന്‍.ഷംസുദ്ദീന് എംഎല്‍എ സബ് കലക്ടര്‍ പി.ബി.നൂഹ്, എ.എസ്.പി.പൂങ്കുഴലി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: