ഒറ്റപ്പാലം:ലക്കിടി-പേരൂര്‍ പഞ്ചായത്ത് പരിധിയിലുള്ള തെരുവ്വിളക്കുകളുടെ പരിപാലനത്തിന് അനുവദിച്ച തുകയില്‍ ക്രമക്കേട് നടന്നതായി ആരോപണം.തെരുവ് വിളക്കുകളുടെ അറ്റക്കുറ്റപ്പണികള്‍ക്കായി പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ തനതുഫണ്ടില്‍ നിന്നും അനുവദിച്ച തുകയുടെ വിനിയോഗിച്ചതില്‍ ക്രമക്കേടു കണ്ടെത്തിയതായാണു ആരോപണം.
പഞ്ചായത്തിന്റെ ടെണ്ടറില്അംഗീകാരം ലഭിച്ച കരാറുകാരനു ടെണ്ടര്‍ തുകയുടെ 90 ശതമാനം തുകയും ഭരണ സമിതിയുടെ അംഗീകാരമില്ലാതെ നല്‍കിയെന്നാണ് ആരോപണം.
തെരുവ് വിളക്കുകളുടെ അറ്റക്കുറ്റപ്പണികള്‍ക്കായി അനുവദിക്കുന്ന തുക പണിപൂര്‍ത്തിയാകുന്ന മുറക്ക് ഗഡുക്കളായി നല്‍കുകയെന്നാണു നിയമം. എന്നാല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട 19 വാര്‍ഡുകളിലെയും തെരുവ് വിളക്കുകളുടെ അറ്റക്കുറ്റപ്പണികള്‍ ബാക്കിനില്‍ക്കെയാണു പഞ്ചായത്ത് 90 ശതമാനം തുക കരാറുകാരനു നല്‍കിയിരിക്കുന്നത്. തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി അനുവദിച്ച എട്ട് ലക്ഷം രൂപയില്‍ ആറുലക്ഷത്തിനാല്പത്തിഏഴായിരം രൂപയും കരാറുകാരനു നല്‍കിയതായി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നു.
എന്നാല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ തെരുവ് വിളക്കുകള്പ്രവര്ത്തനരഹിതമായിട്ട് മാസങ്ങള്‍ പിന്നിട്ടതായും ആക്ഷേപമുണ്ട്.കരാറു തുകയില്‍ ഒരു ലക്ഷത്തി അമ്പത്തിമൂവായിരം രൂപ മാത്രമാണു കരാറുകാരന് ലഭിക്കുവാനുള്ളൂ. തെരുവ് വിളക്കുകളുടെ ഒരുവര്‍ഷത്തെ പരിപാലനം നടത്തണമെന്ന വ്യവസ്ഥയിലാണ് കരാറു നല്‍കുന്നത്. എന്നാല്‍ ഇതു ലംഘിച്ച കരാറുകാരനു ക്രമവിരുദ്ധമായി തുക അനുവദിച്ചു നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും മെമ്പര്‍മാര്‍ ആരോപിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. തുടര്‍ന്നു പഞ്ചായത്തു പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം കണ്ടെത്തിയതോടെ ഉപരോധം അവസാനിപ്പിച്ചു. എം.സുരേഷ് ബാബു, പി.ഷൗക്കത്തലി, പി.എസ്.ഷാജഹാന്, സി.കെ.ശ്രീലത, വി.ബാലഗോപാല്‍, രാധാ ഷീജ, നുസൈബ, കെ.രാധ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: