പുലാമന്തോള്‍: ദിവസങ്ങള്‍ നീണ്ടുനിന്ന കനത്ത മഴ ഇന്നലെ നേരിയ തോതില്‍ പിന്‍വാങ്ങി. പുഴവെള്ളം കയറിയ പാടശേഖരങ്ങള്‍ വെള്ളമിറങ്ങി സാധാരണ നിലയിലേക്കെത്തി. മഴവെള്ളം കയറിയും ശക്തമായ കാറ്റിലും ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. വന്‍നാശ നഷ്ടങ്ങള്‍ക്കിടയിലും കര്‍ഷകര്‍ പ്രതീക്ഷ കൈവിടുന്നില്ല. പുലാമന്തോളിലും സമീപ പഞ്ചായത്തുകളിലും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാര്‍ഷികവിളകള്‍ പൂര്‍ണ്ണമായും ഭാഗികമായും നശിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ കൊയ്യാനായ നെല്ല് നശിക്കുകയും രണ്ടാംവിളയിലേക്ക് നടാനായി പറിച്ചുവെച്ച ഞാറും വെള്ളത്തോടൊപ്പം ഒഴുകിപ്പോകുകയും ചെയ്തു. ഇവിടെങ്ങളിലെല്ലാം ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ഗ്രാമീണ മേഖലയിലെ കൃഷി നാശത്തെപ്പറ്റി പഠിക്കാനോ വിവരങ്ങള്‍ തിരക്കാനോ ബന്ധപ്പെട്ട അധികാരികള്‍ ഇതുവരെയും തയ്യാറായിട്ടില്ല. പഞ്ചായത്തിലെ പ്രധാന കാര്‍ഷിക മേഖലയായ പാലൂര്, വളപുരം, ചെമ്മലശ്ശേരി, ആലമ്പാറ, കുരുവമ്പലം എന്നീ പാടശേഖരങ്ങളില്‍ ഏക്കര്‍ കണക്കിന് നെല്‍കൃഷിയും മറ്റു കാര്‍ഷിക വിളകളും വെള്ളപ്പൊക്കത്തില്‍ ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: