മട്ടാഞ്ചേരി: അശാസ്ത്രീയ മൈതാനനവീകരണം മൂലം നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ തണല്‍മരം കട പുഴകി വീണു. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിനോട് ചേര്‍ന്നു നടപാതയില്‍ നിലനിന്നിരുന്ന വന്‍ മരം വീണത്.
റോഡിന് എതിര് വശത്തെ വീടിന്റെ ടെറസില്‍ തങ്ങി നിന്ന വൃക്ഷം പിന്നീട് അഗ്നിശമന സേനയെത്തി മുറിച്ചു മാറ്റി. ഫിഫ അണ്ടര്‍ 17 വേള്‍ഡ്കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ പരിശീലന മൈതാനമായി പരേഡ് ഗ്രൗണ്ട് ഒരുക്കുന്നതിന്റെ ഭാഗമായി ഡച്ച് ഭരണകാലത്ത് വെച്ചുപിടിപ്പിച്ച വൃക്ഷത്തിന്റെ മൈതാനത്തേക്ക് വളര്‍ന്ന കൊമ്പുകള്‍ നാട്ടുകാരുടെ എതിര്‍പ്പു വകവെക്കാതെ കഴിഞ്ഞ ദിവസം മുറിച്ചു മാറ്റി യിരുന്നു. ഇതോടെ മരത്തിന്റെ ഒരു ഭാഗത്ത് മാത്രം കൊമ്പുകളായി. ഇതിനിടെ മൈതാനത്തിലേക്ക് വെളിച്ചം ഒരുക്കുവാന്‍ വൈദ്യുതി കേബിളുകള്‍ നാട്ടുവാന്‍ നീളത്തില്‍ കുഴിയെടുത്തതോടെ മരത്തിന്റെ വേരുകളും മുറിഞ്ഞു. ശക്തമായ മഴ മുലം വൃക്ഷത്തിന് ഒരു ഭാഗത്തെ ഭാരം താങ്ങാനാവാതെ കടപുഴകി വീഴുകയായി രുന്നു. അഗ്നിശമന സേനയുടെ എട്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാനായത്.
സ്റ്റേഷന് ഓഫീസര്‍ കെ.ജെ.തോമസ്, ലീഡിംഗ് ഫയര്മാന് മാര്ട്ടിന് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മരം വെട്ടിമാറ്റിയത്. ഒടിഞ്ഞ രണ്ടു വൈദ്യുതി പോസ്റ്റുകളും പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: