കാക്കനാട്: സ്മാര്‍ട് സിറ്റി പ്രദേശത്ത് മണ്ണിടിഞ്ഞ് മണ്ണുമാന്തി യന്ത്രം മണ്ണിനടിയിലായി. ഒട്ടേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും മരംവീഴ്ചയും അപകടം സൃഷ്ടിച്ചു.
കാക്കനാട് ഉഷസ് നഗറിന് സമീപം ഇരുപത്തി അഞ്ച് അടി ഉയരത്തിലുണ്ടായിരുന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞു. കാക്കനാട് മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം കൊപ്പറമ്പില്‍ റോഡിലേക്കാണ് മതില് ഇടിഞ്ഞു വീണ് ഗതാഗതം മുടങ്ങിയത്. കൊപ്പറമ്പില്‍ ദേവി വിഹാറില്‍ അനിലിന്റെ വീട്ടുവളപ്പിലെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. വീട് അപകടാവസ്ഥയിലാണ്. ഇന്നലെ ഉച്ചക്ക് 12നായിരുന്നു അപകടം. ഈ സമയത്ത് വാഹനങ്ങളൊന്നുംറോഡില് ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ഒട്ടേറെ വീടുകളിലേക്കുള്ള സഞ്ചാരം മുടങ്ങിയവസ്ഥയിലാണ്.
തുതിയൂരില്‍ മണ്ണിടിഞ്ഞ് വീണ് വാടക്കകത്ത് സുനില്‍ കുമാറിന്റെ വീട് ഭാഗികമായി തകര്‍ന്നു. വന്‍തോതില്‍ കല്ലും മണ്ണും വീടിന്റെ അടുക്കള ഭാഗത്തേക്കാണ് വീണത്. അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ മണ്ണിനടിയിലാണ്. കുടുംബാംഗങ്ങള്‍ വീടിനു മുന്വശത്തായിരുന്നതിനാല് ദുരന്തം ഒഴിവായി. തുതിയൂര്‍ കുന്നത്തുചിറ കനാല്‍ റോഡിലേക്ക് പാര്‍പ്പിട സമുച്ചയ വളപ്പില്‍ നിന്നു മണ്ണിടിഞ്ഞു വീണു. മാവേലിപുരം എംആര്‍എ റോഡില്‍ തണല്‍ മരം റോഡിനു കുറുകെ വീണു ഗതാഗതം സ്തംഭിച്ചു. അഗ്നിശമനസേനയെത്തി മരംമുറിച്ച് മാറ്റി. പാലച്ചുവട്-വെണ്ണല റോഡില്‍ മറിഞ്ഞു വീണ മരം നാട്ടുകാര്‍ മുറിച്ചുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: