പാലക്കാട്:ട്രെയിനില്‍ കടത്തിയ13 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി ചെറിയകോയാമുണ്ടി പുരക്കല്‍ റഫീഖ്(22) ആണ് പിടിയിലായത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 25 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.
ആര്.പി.എഫിന്റെ സഹായത്തോടെ പാലക്കാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍നിന്നാണ് കഞ്ചാവു പിടിച്ചത്. സംഭവത്തില്‍ മൂന്നുകേസാണ് രജിസ്റ്റര്‍ ചെയ്തത്.
എക്സൈസ് സംഘം പരിശോധന ശക്തമാക്കിയപ്പോളാണ് റഫീഖിനൊപ്പം ഉണ്ടായിരുന്നവര്‍ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. റഫീഖില്‍ നിന്നും രണ്ടുകിലോ കഞ്ചാവാണ് കണ്ടെടുത്തത്.
റഫീഖ് കൂട്ടുകാരുമായി ചേര്‍ന്ന് ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കടത്തി നാട്ടില്‍ ചെറുപൊതികളാക്കി വില്‍ക്കാറുള്ളതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
പതിരൂര്,പറവണ്ണ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണിയാള്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.രമേഷ്, ഇന്‍സ്പെക്ടര്‍ എം.സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ എം. യൂനസ്, കെ.എസ്.സജിത്ത് ,എ.കലാധരന്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യാസിര്‍ അരാഫത്ത്,ടി.കെ.മഹേഷ്, ആര്. ഉദയന്‍,പി.ടി.ശിവപ്രസാദ്,ടി.ബി.ഉഷ ,കെ.ജെ.ലൂക്കോസ്, ആര്. പി.എഫ് സബ് ഇന്‍സ്പെക്ടര്‍ മാത്യു സെബാസ്റ്റ്യന്‍,കോണ്‍സ്റ്റബിള്‍ സവിന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: