മലപ്പുറം: കക്കാടംപൊയിലിന് അടുത്ത് ചീങ്കണ്ണിപ്പാലിയില്‍ കാട്ടരുവിയില്‍ പി.വി. അന്‍വര്‍ എംഎല്‍എ കെട്ടിയ ഡാം പൊളിച്ചുനീക്കാനുള്ള റവന്യൂ നടപടി അട്ടിമറിച്ചു.
ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ദസംഘം 14ന് നടത്താനിരുന്ന സംയുക്ത സ്ഥലപരിശോധന നടന്നില്ല. ഇറിഗഷന് എസ്കിക്യുട്ടീവ് എന്‍ജിനീയര്‍, പിഡബ്യൂഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ്, പഞ്ചായത്ത് എന്‍ജിനീയര്‍, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരുമായി സംയുക്തസ്ഥലപരിശോധന നടത്താനായിരുന്നു തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ആര്‍ഡിഒ സ്ഥലംമാറ്റ ഉത്തരവിറങ്ങി എന്നീ കാര്യങ്ങള്‍ പറഞ്ഞാണ് അവസാന നിമിഷം പരിശോധനമാറ്റിയത്. തലേ ദിവസം മാത്രമാണ് പരാതിക്കാരന് അടക്കമുള്ളവരെ വിവരം അറിയിച്ചത്. പുതിയ ആര്‍ഡിഒ ചുമതലയേല്‍ക്കാന്‍ നാലു ദിവസംകൂടി ഉണ്ടെന്നിരിക്കെ പരിശോധന മാറ്റിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണെന്നാണ് സൂചന.
നിയമവിരുദ്ധമെന്നു കണ്ടെത്തിയ തടയണപൊളിച്ചു നീക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നേരത്തെ ആര്‍ഡിഒ, മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു. സ്ഥലം വാങ്ങാനുള്ള വില്‍പ്പന കരാര്‍ എഴുതി ഭൂമി കൈവശപ്പെടുത്തിയ ശേഷമാണ് പി.വി. അന്‍വര്‍ എംഎല്‍എ വനഭൂമിയിലേക്കു പേകേണ്ട കാട്ടരുവി തടയണകെട്ടി തടഞ്ഞത്.
2015 ഏപ്രില്‍ ആറിനാണ് ചീങ്കണ്ണിപ്പാലിയിലെ 3.23 ഹെക്ടര്‍ (എട്ട് ഏക്കര്‍) മലവാരം പോരൂര്‍ വില്ലേജ്, ചാത്തങ്ങോട്ടുപുരം സുരേഷ് നമ്പൂതിരി, നിഷ നമ്പൂതിരി എന്നിവര്‍ക്ക് കേവലം ഒരു ലക്ഷം അഡ്വാന്‍സ് നല്‍കിയാണ് ഏക്കറിന് 12.50 ലക്ഷം രൂപ വില നിശ്ചയിച്ച് പി.വി. അന്‍വര്‍ കരാര്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് മലയിടിച്ച് കാട്ടരുവി തടയണകെട്ടി തടയുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 500 മീറ്റര്‍ ഉയരത്തില്‍ പരിസ്ഥിതി ലോല പ്രദേശത്ത് മലയിടിച്ച് കാട്ടരുവിയില്‍ തടയണകെട്ടിയ നിര്‍മ്മാണ പ്രവൃത്തി തടയണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ റിപ്പോര്‍ട്ടു നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നു. തുടര്‍ന്ന് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറനാട് തഹസില്‍ദാര്‍ വിശദ സ്ഥലപരിശോധന നടത്തി തയ്യാറാക്കിയ 2016 ജനുവരി 15ലെ റിപ്പോര്‍ട്ടില്‍ പി.വി അന്‍വറാണ് നിയമവിരുദ്ധമായി മലയിടിച്ച് തടയണനിര്മ്മിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.
മൈനിങ് ജിയോളജി വിഭാഗത്തിന്റെ അനുമതി വാങ്ങുകയോ, റോയല്‍റ്റിയോ പിഴയോ സര്‍ക്കാരിലേക്ക് അടക്കുകയോ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്് നിര്‍മ്മാണ അനുമതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടികാട്ടുന്നു. അന്‍വര്‍ കരാര്‍ പ്രകാരം ഒരു വര്‍ഷവും ഏഴു മാസവും കൈവശം വെച്ച ഭൂമിയിലെ തടയണ പൊളിച്ചു നീക്കാന്‍ കളക്ടര്‍ നടപടിയെടുത്തതോടെയാണ് രണ്ടാം ഭാര്യയുടെ പിതാവായ കോഴിക്കോട് തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ റോഡിലെ ഹഫ്സ മഹലിലെ സി.കെ അബ്ദുല്ലത്തീഫിന്റെ പേരില്‍ 2016 നവംബര്‍ 26ന് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്.
തുടര്‍ന്ന് റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് ബില്‍ഡിങ് പെര്‍മിറ്റ് നേടിയ ശേഷം ഇവിടെ നിയമവിരുദ്ധമായി റോപ് വേ പണിയുകയായിരുന്നു.
അനുമതിയില്ലാതെ അനധികൃതമായി പണിത റോപ് വേ പൊളിച്ചുനീക്കാന്‍ സിപിഎം ഭരിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സി. കെ. അബ്ദുല്ലത്തീഫിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിലും തുടര്‍നടപടി നിലച്ചിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ പ്രകാരം അതീവ മണ്ണിടിച്ചില്‍ സാദ്ധ്യതയുടെ കേരളത്തിലെ 3 ശതമാനം സ്ഥലങ്ങളില്‍പെട്ട ഏറനാട് താലൂക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് എം എല്‍എ ഡാമും റോപ് വേയും കെട്ടിയത്.
ചീങ്കണ്ണിപ്പാലി മലവാരത്തിനോടു ചേര്‍ന്നുള്ള ഈങ്ങാപ്പാലി മലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കനത്തമഴയില്‍ ഉരുള്‍പൊട്ടി ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായിരുന്നു. ഡാമും റോപ് വേയുമുള്ള ചീങ്കണ്ണിപ്പാലിയും ഉരുള്പൊട്ടല്ഭീതി നിലനില്‍ക്കുകയാണ്. ഇവിടെ ഉരുള്‍പൊട്ടിയാല്‍ ആദിവാസികളുടെ കുടിലുകള്‍ ഒലിച്ചുപോവുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: