കൊച്ചി: മെട്രോ സര്‍വീസ് ഒക്ടോബര്‍ ആദ്യവാരം മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീട്ടും. ഒക്ടോബര്‍ മൂന്നുമുതല്‍ ആറുവരെയുള്ള ഏതെങ്കിലും ദിവസമായിരിക്കും ഉദ്ഘാടനം. വിവരങ്ങള്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയെ മുഖ്യാതിഥിയായി ലഭിക്കാനാണിത്. എറണാകുളം ടൗണ്‍ ഹാളായിരിക്കും ഉദ്ഘാടന വേദി.
സ്റ്റേഷനുകളുടെ നിര്‍മാണം ഈ മാസം 20ന് പൂര്‍ത്തിയാകും. സര്‍വീസിന് മുന്നോടിയായുള്ള പരിശോധനകള്‍ക്കായി മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍ അടുത്താഴ്ചയെത്തും. അണ്ടര്‍ 17 ഫിഫാ ലോകകപ്പിന് മുന്നോടിയായി മെട്രോ സര്‍വീസ് മഹാരാജാസ് വരെയെത്തിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറിന്റെയും, ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്.
നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് സര്‍വീസുള്ളത്. ആലുവ മുതല്‍ മഹാരാജാസ് വരെ 50 രൂപയാണ് ടിക്കറ്റ് നിരക്ക്. സ്ഥിരം യാത്രക്കാര്‍ക്ക് ഇളവുകള്‍ നല്‍കിയേക്കും. മഹാരാജാസ് വരെയുള്ള സര്‍വീസിനായി അധികമായി മൂന്ന് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ മെട്രോ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം ഒന്‍പതാകും. മുട്ടം യാര്‍ഡില്‍ ആകെ 13 ട്രെയിനുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: