ആലപ്പുഴ: കാര്‍ഷികാവശ്യത്തിന് കര്‍ഷകര്‍ക്ക് അനുവദിക്കുന്ന വിവിധയിനം വളങ്ങളുടെ സബ്‌സിഡി തുക കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിന് ഫാക്ട് ഉദ്യോഗമണ്ഡല്‍ നടപ്പാക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി ജില്ലയില്‍ ആരംഭിച്ചു.
ജില്ല കളക്ടര്‍ ടി.വി.അനുപമ പദ്ധതി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഫിംഗര്‍പ്രിന്റും ആധാര്‍ നമ്പരും രേഖപ്പെടുത്തി സബ്‌സിഡി തുക കര്‍ഷകരുടെ അക്കൗണ്ടില്‍ ലഭ്യമാക്കുന്നതിന് ഉപയോഗിക്കുന്ന പോയന്റ് ഓഫ് സെയില്‍സ് (പിഒഎസ്) മെഷീനുകള്‍ ചടങ്ങില്‍ കൃഷി വകുപ്പിന്റെ 180 അംഗീകൃത വളം വിതരണ ഏജന്‍സികള്‍ക്ക് വിതരണം ചെയ്തു.
യഥാര്‍ത്ഥ ഗുണഭോക്താവിന് തന്നെയാണ് വളത്തിനുള്ള സഹായം ലഭിക്കുന്നതെന്ന് പുതിയ പദ്ധതിയിലൂടെ ഉറപ്പുവരുത്താനാകുമെന്ന് കളക്ടര്‍ പറഞ്ഞു.വളം വിതരണം സുതാര്യമാകുന്നതിലൂടെ കാര്‍ഷീക മേഖലയിലും കര്‍ഷകര്‍ക്കിടയിലും പുതിയ ഉണര്‍വ് സംജാതമാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജെ.പ്രേംകുമാര്‍ അദ്ധ്യക്ഷനായി.
















