അരൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയിലെ ചികിത്സ രോഗികള്‍ക്ക് ഗുണകരമാകുന്നില്ലെന്ന് പരാതി. ആവശ്യത്തിനുള്ള മരുന്നുകള്‍ എല്ലാം ഇവിടെയില്ലാത്തതിനാല്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പിലേക്ക് എഴുതി കൊടുക്കുകയാണ് പതിവ്. ഡോക്ടര്‍മാര്‍ ഉച്ചയ്‌ക്കുശേഷം സ്വകാര്യ പരിശോധന നടത്തുന്നതിനാല്‍ ആശുപത്രിയില്‍ ചികിത്സിക്കാന്‍ താത്പര്യം കാണിക്കാറില്ലെന്നും പരാതികള്‍ ഉയരുന്നു.
അത്യാഹിതരോഗികളുമായി ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടറില്ലാത്ത അവസ്ഥയാണ്. ജീവനക്കാര്‍ സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ പറഞ്ഞയ്‌ക്കുന്നതായും പരാതിയുണ്ട്. ഇവിടത്തെ പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലാണെന്ന് നാട്ടുകാരും ചില ആശുപത്രി വികസന സമിതി അംഗങ്ങളും പറഞ്ഞു.
രണ്ടു മാസമായിട്ടും ആശുപത്രി വികസന സമിതി യോഗം കൂടിയിട്ടില്ലെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രി വികസനസമിതിയില്‍ ദൈനം ദിനകാര്യങ്ങളുടെ വിവരങ്ങളും വരവുചെലവ് കണക്കുകളും അവതരിപ്പിക്കാറില്ലെന്ന് വികസനസമിതി അംഗങ്ങള്‍ വ്യക്തമാക്കി.
ജനകീയാവശ്യം പരിഗണിച്ച് നിലവിലുള്ള വികസന സമിതി പിരിച്ചുവിടണം. ജനപ്രതിനിധികളെയും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്‌ട്രിയ കക്ഷികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പുതിയ ആശുപത്രി വികസന സമിതി രൂപീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
















