കൊച്ചി: വൈദ്യുതി ബോര്‍ഡ് നൂറു കണക്കിന് ഒഴിവുകള്‍ പിഎസ്സി ക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ സപ്തംബര്‍ 30 ന് അവസാനിക്കുന്ന അസിസ്റ്റന്റ് ഗ്രേഡ്-1/ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാലുമാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. വൈദ്യുതി ബോര്‍ഡ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് ഇടപെടല്‍.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടായ കാലതാമസം മൂന്നാഴ്ചയ്ക്കകം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുത ബോര്‍ഡ് സെക്രട്ടറിക്കും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നോട്ടീസയച്ചു. ഇക്കാര്യത്തില്‍ പരാതിക്കാര്‍ നേരിട്ടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
എറണാകുളം വൈറ്റില സ്വദേശിനി ദീപ്തിമോള്‍ വര്‍ഗീസ് ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്. 2014 ലാണ് (കാറ്റഗറി നമ്പര്‍ 569/14) റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത്.
വൈദ്യുത ബോര്‍ഡില്‍ 580 ഒഴിവുകള്‍ നിലവിലുണ്ടെന്ന് പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു. ഒഴിവുകള്‍ 2017 സപ്തംബര്‍ 15 ന് മുമ്പായി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടും വൈദ്യുത ബോര്‍ഡ് തയ്യാറായിട്ടില്ല. ഫലത്തില്‍ വൈദ്യുത ബോര്‍ഡ് ഹൈക്കോടതി ഉത്തരവ് അവഗണിച്ചിരിക്കുകയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു.
പിഎസ്സി സെക്രട്ടറിയും വൈദ്യുത ബോര്‍ഡ് സെക്രട്ടറിയും ഒക്ടോബര്‍ നാലിനകം കമ്മീഷനില്‍ മറുപടി ഫയല്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: