എടത്വ: രണ്ട് പെണ്‍മക്കളും ഏകമകനുമൊത്ത് ഒറ്റമുറി വാടകഷെഡ്ഡില്‍ അന്തിയുറങ്ങിയ വിധവയുടെ രോദനത്തിന് ഇന്നലെയോടെ അന്ത്യം. തലവടി പുതുപ്പറമ്പ് പാരേത്തോട് പുളിക്കത്തറ പരേതനായ പ്രഹഌദന്റെ ഭാര്യ ഷൈലമ്മക്കാണ് രണ്ടു പെണ്‍മക്കളും ബാല്യം വിട്ടൊഴിയാത്ത മകനുമൊന്നിച്ച് പേടികൂടാതെ ഇനി സ്വന്തം വീട്ടില്‍ കഴിയാന്‍ സാധിക്കുക.
അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടകഷെഡ്ഡില്‍ പതിറ്റാണ്ടുകളായി അന്തിയുറങ്ങിയിരുന്ന ഇവരുടെ കഥ മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ഇടപെട്ട് പുനരധിവാസത്തിനുള്ള ഫണ്ട് ഗ്രാമപഞ്ചായത്തിന്റേയും നാട്ടുകാരുടെയും സഹായത്തോടെ കണ്ടെത്തുകയായിരുന്നു.
ഒന്‍പതര ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച വീടിന് പുനരധിവാസ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സുമനസുകളും നാലര ലക്ഷം രൂപ നല്‍കി സഹായിച്ചു. ബാക്കി തുക പഞ്ചായത്തിന്റെ അഗതി ആശ്രിത പദ്ധതിയില്‍പ്പെടുത്തി നല്‍കി. പഞ്ചായത്തിന്റേയും നാട്ടുകാരുടേയും സഹായത്തോടെ സ്വന്തമായി ലഭിച്ച മൂന്നരസെന്റ് ഭൂമിയിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പഞ്ചായത്തിന്റെ അഗതി ആശ്രയ പദ്ധതിയില്‍നിന്ന് ലഭിച്ച രണ്ടര ലക്ഷം രൂപ കൊണ്ടായിരുന്നു വസ്തു വാങ്ങിയത്. ഗോപിനാഥന്‍ ആനന്ദാലയം, ഗോപിനാഥന്‍ നായര്‍, തോമസുകുട്ടി ചാലുങ്കല്‍, ലാല്‍സന്‍ മുണ്ടുചിറ, സുചിന്ദ്രബാബു വളവുങ്കല്‍, ജി. ദാമോദരന്‍, കുഞ്ഞുമോന്‍, ഗോപിനാഥന്‍, ബിജു പറമ്പുങ്കല്‍, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം നടന്നത്.
ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് അംഗം ബിജു പാലത്തിങ്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത്ത്കുമാര്‍ പിഷാരത്ത്, പ്രിയ അരുണ്‍, പഞ്ചായത്ത് സെക്രട്ടറി എസ്. സിന്ദു, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്‌കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാജമ്മ സന്തോഷ്, ദാവിദ്പുത്രാ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ തോമസ് കെ. തോമസ്, ജെ.റ്റി. റാംസെ, ജോജി ജെ. വയലപള്ളി, ജോജി എബ്രഹാം, സി.കെ. ബോധാനന്ദന്‍, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















