അമ്പലപ്പുഴ: മത്സ്യവ്യാപാരിയുടെ സഹായിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് നീര്‍ക്കുന്നം പുതുപ്പുരക്കല്‍ നൂറുദ്ദീന്‍ (49) നെയാണ് തമിഴ്‌നാട്ടില്‍ നിന്നും മലപ്പുറത്തു നിന്നുമുള്ള സംഘം തട്ടിക്കൊണ്ടുപോയത്.
മംഗലാപുരത്തു നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മല്‍സ് വ്യാപാരം നടത്തുന്ന റഷീദ് എന്നയാളുടെ ജോലിക്കാരനായിരുന്നു നൂറുദ്ദീന്‍. ഇന്‍സുലേറ്റ് വാഹനത്തില്‍ അഞ്ച് ദിവസം മുമ്പാണ് മംഗലാപുരത്തേക്ക് പോയത്.
തുടര്‍ന്ന് വ്യാഴാഴിച്ച ഉച്ചക്ക് 12ന് ഡ്രൈവര്‍ തിരൂര്‍ സ്വദേശി ബാബുവിനൊപ്പം മംഗലാപുരത്തുനിന്ന് മത്സ്യവുമായി കേരളത്തിലേക്ക് വരുമ്പോള്‍ മലപ്പുറം താനൂരില്‍ ബ്ലോക്ക് എന്ന സ്ഥലത്തു നിന്നാണ് തട്ടിക്കൊണ്ടുപോയത്. കെഎല്‍ 55 2007 എന്ന രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ചുമന്ന നിറത്തിലെ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ അമ്പലപ്പുഴ സിഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട് റഷീദ് പണം നല്‍കാനുള്ളതാണ് തൊഴിലാളിയായ നൂറുദ്ദീനെ തട്ടിക്കൊണ്ട് പോകാന്‍ കാരണമെന്ന് സഹോദരന്‍ ഷെമീര്‍ പറഞ്ഞു.
















