ചാരുംമൂട്: വീട്ടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന ഒന്‍പത് വയസ്സുകാരിയെ നായ ആക്രമിച്ചു, നില ഗുരുതരം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 7.30നാണ് സംഭവം.
നൂറനാട് എരുമക്കുഴി ദ്രോണ ഭവനത്തില്‍ അനുരാജ് – ജയലക്ഷമി ദമ്പതികളുടെ മകള്‍ അപൂര്‍വ്വയ്‌ക്കാണ് പട്ടികടിയേറ്റത്. ഉളവുക്കാട് സ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുന്ന അപൂര്‍വ്വയും ഇളയ കുട്ടി ഋഷിശൃംഗനും(3) വീട്ടിലെ മുറിയില്‍ പഠിക്കുകയായിരുന്നു. ഇളയ കുട്ടിയുടെ കരച്ചില്‍ കേട്ട് അനുരാജ് എത്തിയപ്പോള്‍ നായയുടെ ആക്രമത്തില്‍ കുട്ടിക്ക് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു.
മൂക്കും കവിളുകളും നായ് കടിച്ചുകീറി. ഉടന്‍ തന്നെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്കു വിധയമാക്കി. അപകടനില തുടരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
















