കൊല്ലങ്കോട്:സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് പരാതി.കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വേയനുസരിച്ച് ജില്ലാ ഡിഎംഡി ഡാറ്റാ എന്‍ട്രി പ്രകാരം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതിനു പകരം ബാഹ്യ ഇടപെടല്‍ മൂലം ചില വാര്‍ഡുകളില്‍ സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങളില്‍ പെടാത്തവരെ ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുടുംബശ്രീ നല്കിയ ലിസ്റ്റില്‍ 946 എണ്ണം ജില്ലാ ഡിഎംഡി പരിശോധിക്കുകയും ഇതില്‍ 166 എണ്ണം സാധ്യതാ പട്ടികയായി വരുകയും ചെയ്തു. പഞ്ചായത്ത് തലത്തില്‍ അപ്പീല്‍ കമ്മറ്റി രൂപീകരിച്ച് സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തവരെ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ലിസ്റ്റിറ്റ് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതു പ്രകാരം 62പേര് ഭവന മില്ലാത്തവരുടേയും 42പേര് ഭവന നിര്‍മ്മാണത്തിന് ഭൂമിയില്ലാത്തവരുമായി 104 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.
മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ ഉണ്ടായിട്ടും രാഷ്ട്രീയ നേട്ടത്തിനായി ലൈഫ്മിഷന് ഉദ്യോഗസ്ഥനും പഞ്ചായത്ത് സെക്രട്ടറിയും അര്‍ഹരെ മാറ്റി നിര്‍ത്തി അനര്‍ഹരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി ബിജെപി ആരോപിച്ചു. നിലവില്‍ ഓട്ടുപുര വീടുള്ളവരും റേഷന്‍ കാര്‍ഡ് ഇല്ലാത്തവരും ലിസ്റ്റില്‍ കയറി കൂടിയപ്പോള്‍ റേഷന്‍കാര്‍ഡ് ഇല്ലാതെ ഒരു വീട്ടില്‍ താമസത്തിക്കുന്നതിനാല് കൂടുതല്‍ കുടുംബങ്ങള്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി.
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന നിലപാടാണ് പഞ്ചായത്ത്തലത്തില്‍ പട്ടികജാതി വിഭാഗത്തെ ഒഴിവാക്കി അനര്‍ഹരെ തള്ളിക്കയറ്റിയുള്ള ലിസ്റ്റ് ബാഹ്യ ഇടപെടല്‍ മൂലം നടന്നിട്ടുള്ളത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥനാകട്ടെ വ്യക്തമായ മറുപടി നല്കാന് തയ്യാറാകുന്നില്ലന്നും ബിജെപി-കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
ജില്ലാ മിഷന് തയ്യാറാക്കിയ 166 ഗുണഭോക്താക്കളുടെ സാധ്യതാപട്ടിക പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളെയും ഒരു ലിസ്റ്റായി പ്രസിദ്ധീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന് പ്രസിഡന്റ്,സെക്രട്ടറി എന്നിവരോട് ആവശ്യപ്പെട്ടെങ്കിലും നിഷേധിക്കുകയായിരുന്നു.
അനര്‍ഹരെ പുറത്താക്കി അര്‍ഹരായവര്‍ക്ക് ലൈഫ്മിഷന് പദ്ധതി പ്രകാരം സ്ഥലം വാങ്ങാനും ഭവന നിര്‍മ്മാണത്തിനും സഹായം നല്‍കിയില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറയിച്ചു. പത്രസമ്മേളനത്തില്‍ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് ബിജെപി അംഗങ്ങളായ ടി.എന്‍.രമേഷ്, പ്രകാശന്, ശ്രീദേവി കോണ്‍ഗ്രസ് അംഗങ്ങളായ കെ.ഷണ്മുഖന്, മണികണ്ഠന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: