പാലക്കാട്:കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തിയുടെ ഭാഗമായി നടക്കുന്ന ധര്‍മസംവാദം ഹിന്ദുമഹാസമ്മേളനം ഇന്ന് വൈകിട്ട് നാലിന് ഒറ്റപ്പാലം ചിനക്കത്തൂര്‍ ദേവി ക്ഷേത്ര മൈതാനിയില്‍ നടക്കും.
കാല്‍ലക്ഷത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും. മേജര്‍ രവി അധ്യക്ഷത വഹിക്കും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംശയനിവാരണവും നടക്കും.ഇതിന് മുന്നോടിയായി ഉച്ചക്ക് രണ്ടരക്ക് പാലപ്പുറം ദുര്‍ഗ്ഗാ ഓഡിറ്റോറിയത്തില്‍ ആചാര്യസംഗമവും ഹിന്ദു നേതൃസംഗമവും നടക്കും.
ജില്ലയിലെ എല്ലാ ആശ്രമങ്ങളിലെയും സന്യാസിവര്യന്മാരും,സാമുദായിക സംഘടന നേതാക്കളും പങ്കെടുക്കും. ചടങ്ങില്‍ വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവച്ചവരെ ആദരിക്കും.
രജതജയന്തിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും സ്വാമിയുടെ നേതൃത്വത്തില്‍ ധര്‍മ്മസംവാദം സംഘടിപ്പിച്ചു വരുന്നു. വേദാന്തപഠനങ്ങളുടെയും സേവാ പ്രവര്‍ത്തനങ്ങളുടെയും, സനാതനധര്‍മ്മ പ്രചാരണങ്ങളുടെയും നിറവില്‍ ചിങ്ങം ഒന്നിനു തിരുവനന്തപുരത്ത് തുടക്കം കുറിച്ച സമ്മേളനം ഒക്ടോബര്‍ ഒന്നിന് കോഴിക്കോട് സമാപിക്കും.
കേരളത്തിലെ ഹൈന്ദവ സമാജത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്നതിനും ഹൈന്ദവ ശാക്തീകരണത്തിന് ആധ്യാത്മിക അടിത്തറയും നല്‍കുകയാണ് ധര്മ്മസംവാദത്തിലൂടെ ലക്ഷ്യമിടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനര്‍ക്കുള്ള ഗൃഹനിര്‍മ്മാണം,വൃദ്ധസദനം,പാലിയേറ്റീവ് കെയര്‍ യൂണിറ്റ്,സൗജന്യ ചികിത്സായൂണിറ്റ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.
പത്രസമ്മേളനത്തില്‍ ധര്‍മ്മസംവാദം ജന.സെക്രട്ടറി ജി.മധുസൂദനന്, ബ്രഹ്മചാരി ശാന്തചൈതന്യ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, മിനി കൃഷ്ണകുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: