കോലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ കോലാലംപുരിലെ ഇസ്ലാമിക മതപഠന സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 23 കുട്ടികള്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്.
കുട്ടികള്‍ താമസിച്ച് മതപഠനം നടത്തുന്ന ദാറുല്‍ ഖുറാന്‍ ഇത്തിഫഖിയ തഹ്ഫീസ് സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് തീപിടിച്ചതു മുലമുണ്ടായ പുകയില്‍ ശ്വാസം മുട്ടിയാണ് അധികം പേരും മരിച്ചതെന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന അഗ്നി ശമന സേനാംഗങ്ങള്‍ അറിയിച്ചു. രക്ഷയ്‌ക്കായി കുട്ടികള്‍ അടഞ്ഞജനലുകളുടെ അടുത്ത് നിന്ന് അലറികരയുന്നത് കണ്ടതായി ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറഞ്ഞു.
മൂന്നുനില കെട്ടിടത്തിന്റെ മുകളിലെ ഡോര്‍മെറ്ററിയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടെ ഉറങ്ങിയിരുന്നത് ജനലുകള്‍ ഇരുമ്പ് കമ്പികൊണ്ട് ഉറപ്പിച്ചിരുന്നു. മരിച്ചവരില്‍ രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു.
















