മലപ്പുറം: ജില്ലയിലെ വാട്ടര്‍ അതോറിറ്റി കരാറുകാരുടെ അനിശ്ചിതകാല സമരം പതിനാല് ദിവസങ്ങള്‍ പിന്നിട്ടു. അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ പലസ്ഥലങ്ങളിലും കുടിവെള്ളം പാഴാകുന്നു. ജനങ്ങള്‍ കുടിവെള്ളം ലഭിക്കാതെ വലയുമ്പോഴും അധികൃതര്‍ മൗനം തുടരുകയാണ്.
അറ്റകുറ്റപ്പണി നടത്തിയ വകയില്‍ കരാറുകാര്‍ക്ക് കഴിഞ്ഞ 14 മാസത്തെ ബില്‍ കുടിശ്ശിക ലഭിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ അപേക്ഷയും സമരങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓണത്തിന് ചെറിയൊരു തുക അനുവദിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഇതും പലര്‍ക്കും ലഭിച്ചില്ല. അറ്റകുറ്റപ്പണി നടത്തുന്നവര്‍ ജലവകുപ്പ് പൂര്‍ണ്ണമായി അവഗണിക്കുകയാണെന്ന് കരാറുകാര്‍ ആരോപിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമാണ് അനിശ്ചിതകാലത്തേക്ക് പണികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കരാറുകാരുടെ കുടിശ്ശിക ഉടന്‍ നല്‍കുക, ഫയലുകള്‍ നീങ്ങാനുള്ള കാലതാമസം ഒഴിവാക്കുക, ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കുക, ബില്‍ കൃത്യ സമയത്ത് നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വകുപ്പ് മന്ത്രിക്കും ജല അതോറിറ്റി മാനേജിംങ് ഡയറക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
അവഗണന സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് കരാറുകാര്‍. മറ്റ് സംഘടനകളുമായി സഹകരിച്ച് നാളെ മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 18ന് രാവിലെ 10ന് ഉത്തരമേഖല ചീഫ് എഞ്ചിനീയറുടെ കോഴിക്കോട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വി.കെ.സി.മമ്മദ്കോയ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: