അഗളി:കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാവോവാദി സംഘത്തിലെ ഒരുവിഭാഗം കീഴടങ്ങാന്‍ തയ്യാറായെന്ന് പോലീസ്. നിലമ്പൂര്‍ നാടുകാണി ദളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വയനാട് സോമന്റെ് നേതൃത്വത്തിലുള്ള സംഘമാണ് കീഴടങ്ങാന്‍ സന്നദ്ധരായത്.
ആറോളം പേര് സംഘത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. ആശയപരമായ ഭിന്നതകളെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറായവര്‍ മറ്റ് മാവോവാദികളില്‍ നിന്നും വധഭീഷണി നേരിടുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു. കീഴടങ്ങുന്നവരുടെ കുടുംബാഗംങ്ങളെ ഉള്‍പ്പെടെ വധിക്കുമെന്നാണ് മാവോവാദികള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
കൂടാതെ കീഴടങ്ങുന്നവരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ നടപ്പിലാക്കാത്തതും ഇവരെ പിന്‍വലിപ്പിക്കുന്നതിനുള്ള കാരണമായി കരുതുന്നു. അട്ടപ്പാടിയിലെ ശിരുവാണി, ഭവാനിദളത്തില്‍ നിന്നുള്ള ചിലരും കീഴടങ്ങാന്‍ സന്നദ്ധരായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കാളിദാസ്, കാര്‍ത്തിക്ക് എന്നിവരാണ്. ഇവര്‍ തമിഴ്നാട് സ്വദേശികളാണ്.
മേഖലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്തതാണ് പലരെയും കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനിടയില്‍ കഴിഞ്ഞ തിങ്കളാഴ്ച പുതുര്‍ പഞ്ചായത്തിലെ മൂലക്കൊമ്പ് ഊരില്‍ നാലുമാവോ വാദികളെത്തിയിരുന്നു. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി ഊരിലെത്തിയ ആയുധധാരികളായ മാവോവാദികള്‍ ഊരുവാസികളില്‍ നിന്നും ഭക്ഷണം ശേഖരിച്ച് മടങ്ങി. എന്നാല്‍ ഊരിലെത്തി ഭക്ഷണം ശേഖരിച്ച് മാവോവാദികളെ തിരിച്ചറിയാന്‍ പോലീസിന് സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: