ഒറ്റപ്പാലം:നഗരസഭ ശുദ്ധജലപദ്ധതിയുടെ മീറ്റ്ന ആശ്രമം കടവിലെ തടയണയുടെ ഷട്ടറുകള്‍ക്കിടയിലൂടെ വന്‍തോതില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തി.
ഭാരതപുഴക്കു കുറുകെ രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തടയണയുടെ ഷട്ടറുകളുടെ വിടവിലൂടെയാണ് വന്‍തോതില്‍ വെള്ളം ചോര്‍ന്നുപോകുന്നത്.
മരം കൊണ്ടു നിര്‍മ്മിച്ച ഷട്ടറുകള്‍ക്കിടയിലൂടെ ചോരുന്ന വെള്ളം മണല്‍ചാക്കുകളും മറ്റുംഅടുക്കിവെച്ചാണു ചോര്‍ച്ച തടയുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നു വെള്ളം നിറഞ്ഞ തടയണയുടെ ഷട്ടറുകള്‍ തുറന്നതോടെ ചോര്‍ച്ച വര്‍ധിച്ചതായി പറയുന്നു.
ഇത് ജല ലഭ്യതയെ സാരമായി ബാധിക്കുമെന്ന ആശങ്ക നിലനില്ക്കുന്നു. ചോര്‍ച്ച കണ്ടെത്തിയിട്ടും ചോര്‍ച്ച പരിഹരിക്കാന്‍ അദികൃതരുടെ ഭാഗത്ത് നിന്നും നടപടി ഒന്നുമായില്ല. ജലക്ഷാമം പരിഹരിക്കാന്‍ നഗരസഭ പ്രദേശത്തേക്കു ജലവിതരണ വകുപ്പ് പമ്പിംഗ് നടത്തുന്നത് ഈ തടയണയില്‍ നിന്നാണ്. ജലക്ഷാമം രൂക്ഷമായ കഴിഞ്ഞ രണ്ടു വര്‍ഷവും ഒറ്റപ്പാലത്തെ ജലവിതരണം സുഗമമാകാന്‍ കാരണം ഈ തടയണയിലെ ജലസമൃദ്ധി മൂലമാണ്.
സമീപ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനു ടാങ്കറില്‍ വെള്ളംനിറക്കുന്നതും ഈ തടയണിയില് നിന്നാണ്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മാത്രമല്ല തടയണയുടെ ഇരുകരകളിലുമുള്ള കാര്ഷികാവിശ്യത്തിനും തടയണപ്രയോജനപ്പെടുന്നുണ്ട്. എന്നാല്‍ തടയണയുടെ ഷട്ടറുകള്ക്കിടയിലൂടെയുള്ള ചോര്‍ച്ച പരിഹരിക്കാന്‍ വകുപ്പ്തല നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ വരാനിരിക്കുന്ന വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നഗരസഭാ പ്രദേശങ്ങള്‍ നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: