അഗളി:ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ എത്താതെ തന്നെ അതാതുവാര്ഡുകളിലെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിനായി തുടങ്ങിയ ഗ്രാമസേവാ കേന്ദ്രങ്ങള്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തനരഹിതം. മേഖലയിലെ മൂന്നു ഗ്രാമപഞ്ചായത്തുകളിലായി 48 സേവാകേന്ദ്രങ്ങളാണ് നിലവിലുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള കമ്പ്യൂട്ടര്സേവനങ്ങള് ഉള്‍പ്പെടെയുള്ളവ പഞ്ചായത്തോഫീസുകളില്ലെത്താതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഗ്രാമസഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് ഗ്രാമസേവാ കേന്ദ്രങ്ങള്‍.
അതാതു വാര്‍ഡുകളിലെ മെംബര്‍മാര്‍ കണ്‍വീനര്‍മാരായ സേവാകേന്ദ്രത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള ഫെസിലിറ്റേറ്ററെയും നിയമിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍ മേഖലയിലെ പലഭാഗങ്ങളിലും ഇനിയും ഫെസിലിറ്റേറ്റര്‍മാരെ നിയമിച്ചിട്ടുപോലുമില്ല.
അഗളി,ഷോളയൂര്‍,പുതൂര്‍ പഞ്ചായത്തുകളിലായി തുടങ്ങിയ 48 സേവാകേന്ദ്രങ്ങളില്‍ ഭൂരിഭാഗവും നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല.പ്രവര്‍ത്തിക്കുന്നവയില്‍ കമ്പ്യൂട്ടര്‍ ഇന്റെര്‍നെറ്റ് സൗകര്യങ്ങളോ, സേവനങ്ങള്‍ നല്‍കുന്നതിന് ഫെസിലിറ്റേറ്റര്മാരോയില്ല.
ഓഫീസ് സംവിധാനത്തിനായി വാങ്ങിയ ഫര്‍ണ്ണിച്ചര്‍ അടക്കമുള്ളവ സാധനങ്ങളും ഉപയോഗശൂന്യമായ നിലയിലാണ്.
നിലവില്‍ കെട്ടിടങ്ങളുടെ വാടകയിനത്തില്‍ ലക്ഷങ്ങളാണ് പ്രതിമാസം ഓരോ പഞ്ചായത്തുകള്‍ക്കും നഷ്ടമാകുന്നത്.വാടക നല്കാന് മതിയായ തുകയില്ലാത്തതിനാല്‍ ഷോളയൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തുടങ്ങിയ സേവാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി.
നിലവില്‍ ഗതാഗത സൗകര്യങ്ങള്‍ പരിമിതമായുള്ള അട്ടപ്പാടിയിലെ വിദൂര ആദിവാസി കുടിയേറ്റ മേഖലകളില്‍ നിന്നുള്ള ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തുകളിലെത്തുന്നതിന് ഏറെബുദ്ധിമുട്ടാണ് നേരിടുന്നത്. അതാതു വാര്‍ഡുകള്‍ കേന്ദ്രീകരിച്ച ഗ്രാമസേവാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ മേഖലയിലെ ആദിവാസി ജനവിഭാഗങ്ങളുള്പ്പെടെയുള്ളവര്ക്ക് ഏറെ ഉപകാരപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: