പാലക്കാട്:മൂത്താന്തറ കാച്ചനാംകുളം ശ്രീതിരുപുരായ്ക്കല് ഭഗവതി ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ നടന്ന യോഗം ക്ഷേത്ര സമിതി പ്രസിഡന്റ് എസ്.ആര്.ബാലസുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു ക്ഷേത്രസമിതി രക്ഷാധികാരി എ.കെ.ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു.
ക്ഷേത്രം കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ട്രസ്റ്റിബോര്‍ഡാണ് ഭരിച്ചുവരുന്നത്. എക്സി.ഓഫീസറുടെ അധികാരമുള്ള മാനേജിംഗ് ട്രസ്റ്റിയെ സമുദായ അംഗങ്ങളില്‍ നിന്നും ഏകകണ്ഠമായി തെരഞ്ഞെടുക്കുകയാണ്. ഇതുവരെയും യാതൊരു വിധത്തിലുള്ള സാമ്പത്തികക്രമക്കേടുകളും ഉന്നയിക്കപ്പെട്ടിട്ടില്ല. കണക്കുകള്‍ ദേവസ്വംബോര്‍ഡ് ഓഡിറ്റ്ചെയ്യുന്നുമുണ്ട്.
ആര്‍എസ്എസ് സര്.സംഘചാലക് ഡോ.മോഹന്‍ഭാഗവത് കര്‍ണകയമ്മന്‍ ഹൈസ്കൂളില്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദേശീയപതാക ഉയര്‍ത്തിയതുമായി ബന്ധപ്പെടുത്തിയുള്ള രാഷ്ട്രീയപകപോകലാണിതെന്ന് യോഗം കുറ്റപ്പെടുത്തി. ക്ഷേത്രം, രണ്ടുകല്യാണമണ്ഡപം, ഹൈസ്കൂള്‍ എന്നിവയുടെ സ്വത്തിനുമേലേയുള്ള സര്‍ക്കാരിന്റെ ലാഭക്കൊതിയാണിത്. സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു, ഇതിനെ ശക്തമായി നേരിടാന്‍ യോഗം തീരുമാനിച്ചു.
ക്ഷേത്രസമിതി ജനറല്‍ സെക്രട്ടറി എ.ജെ.ശ്രീനി, കര്‍ണകിയമ്മന്‍ ഹൈസ്കൂള്‍ കമ്മിറ്റി സെക്രട്ടറി യൂ.കൈലാസമണി, കെ.എസ്.കണ്ണന്, യൂ.ശബരി, കെ.രാമചന്ദ്രന്, യൂ.ബാലസുബ്രഹ്മണ്യന്, ഡി.സുദേവന്, കൗണ്‍സിലര്‍മാരായ ബേബി ചന്ദ്രന്, സി.മധു, എം.സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: