പാലക്കാട്:വടക്കഞ്ചേരി-മണ്ണുത്തി ആറ്വരിപാത നിര്‍മാണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇന്ന് മുതല്‍ 25 വരെ വടക്കഞ്ചേരി-കുതിരാന്‍ മേഖലയില്‍ നിര്‍മാണം നടക്കുന്ന പ്രദേശത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പത്തോ അതിനു മുകളിലോ ടയറുകളുള്ള മള്‍ട്ടി ആക്സില്‍ ആര്‍ട്ടികുലേറ്റഡ് വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ വാഹനങ്ങള്‍ നിശ്ചിത സ്ഥലത്ത് നിര്‍ത്തിയിട്ട് അതിന് ശേഷം കടത്തി വിടും. ഇതിനായി പൊലീസ് -മോട്ടോര്‍ വാഹന വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കും. ഈ കാലയളവില്‍ പന്നിയങ്കര മുതല്‍ വാണിയമ്പാറ ടോള്‍ പ്ലാസ വരെയുള്ള ആറ് വരി പാതയില്‍ മൂന്ന്വരി പാത ഗതാഗതത്തിനും മറ്റ് മൂന്ന്വരികള് വാഹനങ്ങള്‍ നിര്ത്തിയിടുന്നതിനുമുള്ള സാധ്യതകള്‍ പരീക്ഷിക്കും.
രാത്രികാലങ്ങളില്‍ ഗതാഗത തടസ്സമുണ്ടാവുകയാണെങ്കില്‍ മറ്റ് സ്ഥലങ്ങളും പരീക്ഷിക്കും. ഇവിടെ 100 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാവുമെന്നാണ് വിലയിരുത്തല്‍.തമിഴ്നാട്ടില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ആവശ്യമായ നിര്‍ദേശം നല്കാന് ചാവടിയില്‍ സംവിധാനമൊരുക്കും.
പൊലീസ്-മോട്ടോര്‍ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി, റോഡ് നിര്‍മാണ കമ്പനി എന്നിവര്‍ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച് നിശ്ചിത സമയത്തിനകം അടിയന്തര അറ്റകുറ്റ പ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വഴുക്കമ്പാറ മുതല്‍ കൊമ്പഴ വരെ റീടാറിങ്ങും കുഴി അടയ്ക്കലുമാണ് 12നും 25നുമിടയില്‍ പൂര്‍ത്തിയാക്കുക. ടണല്‍ നിര്‍മാണം,റോഡ് വീതി കൂട്ടല്‍ എന്നിവയ്ക്ക് 2017 ഡിസംബര്‍ വരെ സമയപരിധിയുണ്ട്.
തൊഴിലാളികളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ നിശ്ചിത സമയത്തിനകം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നിര്‍മാണ കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് പ്രതീഷ്കുമാര്‍, എ.ഡി.എം.എസ്.വിജയന്, പൊലീസ് – മോട്ടോര്‍ വാഹന വകുപ്പ് , നിര്‍മാണ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: