കൗമാരത്തിന്റെ ഭാവിസ്വപ്നങ്ങളിലേക്ക് നിരവധി അനധികൃതങ്ങളുടെ ഇടിത്തീകള്‍ വീണുകൊണ്ടിരിക്കുകയാണ്. പിടിച്ചുപറിയും മോഷണവും കൂലിത്തല്ലും മയക്കുമരുന്നും ഇപ്പോള്‍ ബ്ളൂവെയിലും. ആധുനികതയേയും പുതുമയേയുമൊക്കെ വാരിപ്പുണരാന്‍ ആവേശംകാട്ടുന്ന കാലത്ത് ആത്മഹത്യയിലേക്കു നയിക്കുന്ന മതിഭ്രമങ്ങളുടെ മോഹവലയമായി ബ്ളൂവെയില്‍ മാറുകയാണെന്നത് വല്ലാതെ പേടിപ്പെടുത്തുന്നു.
പഴയ കൗമാരമല്ല ഇന്നത്തെ കൗമാരം. പഴയ യൗവനമല്ല ഇന്നത്തേത്. പണ്ട് നിലനിന്നിരുന്നവയെല്ലാം ഇന്നത്തെ കാലഭേദമനുസരിച്ച് മാറിയിട്ടുണ്ട്. പക്ഷേ മാറ്റങ്ങളുടെ വകതിരിവില്ലായ്മയും അപകടവും പെട്ടെന്നു തിരിച്ചറിയാന്‍ കൗതുകങ്ങളുടെ വര്ണ്ണപ്പകിട്ടുകള്മാത്രം വാരിപ്പൂശുന്നകാലത്ത് ചിലര്‍ക്കെങ്കിലും സാധിക്കാതെവരും. കേവലം ബോധവല്‍ക്കരണമോ ഉപദേശങ്ങളോകൊണ്ടുമാത്രം തടയാവുന്നവയല്ല കൗമാര, യൗവ്വനങ്ങളുടെ അപചയങ്ങള്‍. അതിന് വലിയൊരു ഒത്തൊരുമവേണം. വീട്ടുകാരുടെമാത്രം ജാഗ്രതപോര. സര്‍ക്കാരും പോലീസും നിയമവും അധ്യാപകരുമൊക്കെ ചേര്‍ന്ന കൂട്ടായ്മയുടെ വലിയൊരു കരുതലാണ് ഇതിനായി ഉണ്ടാവേണ്ടത്. കാരണം ഓരോ കൗമാരവും ചെറുപ്പവും സമൂഹത്തിന്റെ സ്വത്താണ്. ഇതുസത്യമായിരിക്കിലും അവരവരുടെ മക്കളെ നോക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. പണ്ടുപറയുംപോലെ വഴിക്കണ്ണുമായി കാത്തിരിക്കണം. കാരണം ഇന്നു മക്കള്കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും അധികവും ചതികളുടെ കഥകളാണ്.
സ്വകാര്യതയുടേയും സ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞ് ഇന്നത്തെ ചെറുപ്പം കാട്ടിക്കൂട്ടുന്നതു പലതും അംഗീകരിക്കാനാവില്ല. പലതും അക്രമവും അധാര്‍മികതയുമാണ്. പെണ്ണിനെ പീഡിപ്പിക്കുന്നതും മോഷ്ടിക്കുന്നതും ആളെകൊല്ലുന്നതുപോലും ചെറുപ്പത്തിന്റെ സ്വാഭാവിക വീരസാഹസികതയാണെന്നുപോലും വിചാരിക്കുന്ന ചെറുപ്പമുണ്ട്. ഇന്നത്തെ വിദ്യാഭ്യാസമോ ക്യാമ്പസോ ചെറുപ്പത്തിന് അഭിമാനിക്കുന്ന കാതലൊന്നും നല്‍കുന്നില്ല ക്യാമ്പസ് രാഷ്ട്രീയംപോലും അവസാനം വിവേകരഹിതമായ ആള്പ്പാര്പ്പുകളുടെ ആക്രമണോത്സവ അരാഷ്ട്രീയമായി മാറിപ്പോകുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ഇടുക്കുതൊഴുത്തായി തീരുന്നുണ്ട് പലക്യാമ്പസുകളും. പഠിക്കുന്നതിനെക്കാള്‍ സമരവും സമരത്തിനെക്കാള് അക്രമവും. മുന്നോട്ടുപോക്കിന്റെയും നന്മയുടേയും മാതൃകകള്‍ ക്യാമ്പസില്‍ എന്നല്ല സമൂഹത്തിലാകെ കുറഞ്ഞുവരുന്നു.
പലതരത്തിലും കുറ്റവാളികളായി ഇവിടെ പിടിക്കപ്പെടുന്നവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഭാവി ജീവിതത്തിലേക്കു സ്വയം കരുപിടിപ്പിക്കേണ്ട പ്രായത്തില്‍ നല്ല പിള്ളയാകാന്‍ ജുവല്ഹോമിലേക്കുപോകാന് വിധിക്കപ്പെടുകയാണോ ഇവര്‍. അരുതെന്നു പറയുന്നതെല്ലാം അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നകാലമാണ് ചെറുപ്പം. അവിടെ അരുതായ്മകളില്ല. എല്ലാം അനുവദനീയങ്ങളാണ്. പക്ഷേ അരുതായ്മകളുണ്ടെന്നറിയണം. സിനിമയും മൊബൈല്‍ഫോണും ഇന്റര്‍ നെറ്റുമൊക്കെ കാട്ടിത്തരുന്ന മിന്നായങ്ങള്ക്കപ്പുറം ജീവിതമില്ലെന്നു വിശ്വസിക്കുന്ന ഇക്കാലത്തു പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: