പെരിന്തല്‍മണ്ണ: ഇടവേളക്ക് ശേഷം കുഴല്‍പ്പണക്കടത്തിന്റെ കാര്യത്തില്‍ പെരിന്തല്‍മണ്ണ മുന്നേറുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന കുഴല്പ്പണങ്ങളെല്ലാം പെരിന്തല്‍മണ്ണയിലേക്കാണ്.
രാഷ്ട്രീയ നേതാക്കള്‍ക്ക് വരെ ബന്ധമുള്ള വലിയ സംഘമാണ് കുഴല്‍പ്പണ മാഫിയയുടെ പിന്നിലെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴുകോടി 23 ലക്ഷം രൂപയും 13 കിലോ സ്വര്‍ണ്ണവുമാണ് ഒരു മാസത്തിനിടെ പെരിന്തല്‍മണ്ണയില്‍ പിടികൂടിയത്.
2016 നവംബര്‍ ഒന്‍പതിന് കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതോടെ കുഴല്‍പ്പണത്തിന്റെ ഒഴുക്കിന് കുറവ് വന്നിരുന്നു. എന്നാല്‍ നോട്ട് പ്രതിസന്ധി അവസാനിച്ചതോടെ വീണ്ടും മാഫിയകള്‍ സജീലമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരുകോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയിലായിരുന്നു. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍(47), മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാന്(38) എന്നിവരാണ് പിടിയിലായത്. 10,1,50000 രൂപയുടെ പുതിയ 2000, 500 നോട്ടുകളാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് പണവുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറത്ത് പോലീസ് പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ട് വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയ സംഘത്തെ പിന്തുടര്ന്ന് പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു.
ചെറുതും വലുതുമായ നിരവധി കേസുകളാണ് മൂന്നുമാസത്തിനിടയില്‍ പെരിന്തല്‍മണ്ണയില്‍ ചാര്‍ജ്ജ് ചെയ്തത്.
പിടിയിലാകുന്നവരെല്ലാം വെറും കാരിയര്മാരാണെന്നുള്ളതാണ് സത്യം. അന്വേഷണം ഒരിക്കലും മാഫിയകളെ നിയന്ത്രിക്കുന്ന പ്രമുഖരിലേക്ക് എത്താറില്ല.പിടിയിലാകുന്നവരെ ഉടന്‍ എഫ്ഐആര്‍ തയ്യാറാക്കി പോലീസ് കോടതിയില്‍ ഹാജരാക്കുമെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യം നേടി പുറത്തിറങ്ങുകയാണ്.
കുഴല്‍പ്പണം കടത്താനുപയോഗിച്ച വാഹനങ്ങളെക്കുറിച്ചോ ഉടമസ്ഥരെക്കുറിച്ചോ അവര്‍ക്കതിലുള്ള പങ്കിനെക്കുറിച്ചോ അന്വേഷണം നടക്കാറില്ല. എന്‍ഫോഴ്സ്മെന്റിന് കൈമാറുന്നതോടെ കേസിന്റെ സ്ഥിതി എന്തായെന്നും വിവരമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: