വാഷിങ്ടണ്‍: അതിവിനാശകാരിയായ ഇര്‍മ ചുഴലിക്കാറ്റ് യുഎസിലെ ഫ്‌ളോറിഡ തീരത്തെത്തി. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത്തില്‍, പ്രാദേശിക സമയം ഇന്ന് രാവിലെയോടെയാണ് കാറ്റ് വീശിയതെന്ന് യുഎസ് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കരീബിയന്‍ തീരത്തു നിന്ന് കാറ്റഗറി അഞ്ച് വിഭാഗത്തില്‍ വീശിയ കാറ്റ്, ഫ്‌ളോറിഡയിലെത്തിയപ്പോഴേക്കും കാറ്റഗറി നാലിലേക്കു മാറി. പ്രതീക്ഷിച്ച നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നാണു നിഗമനമെങ്കിലും അധികൃതര്‍ കനത്ത ജാഗ്രതയിലാണ്. അതിനിടെ, ഫ്‌ളോറിഡയിലെ വൈദ്യുതി വിതരണം പൂര്‍ണമായി തടസപ്പെട്ടു. മുന്‍കരുതലെന്ന നിലയില്‍ നേരത്തെ തന്നെ ഭാഗികമായി വൈദ്യുതി വിതരണം നിര്‍ത്തിയിരുന്നു. കാറ്റില്‍ പലയിടത്തും വൈദ്യുതി വിതരണ കേന്ദ്രങ്ങള്‍ തകര്‍ന്നതോടെ പൂര്‍ണമായും ഇരുട്ടിലായി. വാഹനഗതാതഗതവും സ്തംഭിച്ചു. വലിയ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയും തുടരുന്നു.
മുന്‍കരുതലെന്ന നിലയില്‍ കഴിഞ്ഞ ദിവസം 56 ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. അതിനു പിന്നാലെ, ഒമ്പത് ലക്ഷം പേരെ കൂടി മാറ്റിപ്പാര്‍പ്പിച്ചു. ആകെ 65 ലക്ഷം പേരെ ഒഴിപ്പിച്ചുവെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റിക് സ്‌കോട്ട് അറിയിച്ചു. നാനൂറിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 97,000 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ നിധി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയ്‌ക്ക് അനുവദിച്ചിരുന്നു.
ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി എല്ലാ സജ്ജീകരണവും ചെയ്തിട്ടുണ്ടെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ സന്തോഷ് ഝാ പറഞ്ഞു. അതിനിടെ, കരീബിയയിലെ സെന്റ് മാര്‍ട്ടിന്‍ ദ്വീപുകളില്‍ കുടുങ്ങിയ 60 ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവരില്‍ പലര്‍ക്കും ട്രാന്‍സിസ്റ്റ് വിസയുണ്ട്. ഇല്ലാത്തവര്‍ക്ക് വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി അതു നല്‍കുന്നതിനുള്ള സജ്ജീകരണവും ഒരുക്കി.
ക്യൂബയിലും കരീബിയന്‍ ദ്വീപുകളിലും സംഹാരതാണ്ഡവമാടിയ ശേഷമാണ് ഇര്‍മ യുഎസ് തീരത്തേക്ക് കടന്നത്. അവിടെ 25 പേര്‍ കൊലപ്പെട്ടു, വ്യാപക നാശമുണ്ടായി. അറ്റ്‌ലാന്റിക്കിലെ കേപ് വെര്‍ദ ദ്വീപുകളാണ് ഇര്‍മയുടെ ഉത്ഭവകേന്ദ്രം.
















