പാലക്കാട്:കുന്നത്തൂര്‍മേട് എ.ആര്.നായര്‍ കോളനിയിലെ പൊതുകിണര്‍ ശുചീകരിച്ചു. ഒരുകാലത്ത് നാട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കുന്നതോടൊപ്പം കൃഷിയാവശ്യങ്ങള്ക്കുമുള്ള പ്രധാന ആശ്രയമായിരുന്നു കുന്നത്തൂര്‍മേട് എ.ആര് നായര്‍ കോളനിയിലെ പൊതുകിണര്‍.
എന്നാല്‍ അത് സമീപവാസികള്‍ക്ക് മാലിന്യം തള്ളാനുള്ള ഇടമായി മാറിയിരുന്നു. 17 അടി താഴ്ചയുള്ള കിണറില്‍ രണ്ട് ലോഡിലധികം മാലിന്യമാണുണ്ടായിരുന്നത്.
വേദാധ്യാപകന്‍ ഗിരിധറിന്റെ നിര്‍ദേശ പ്രകാരമാണ് സെല്വന്, ശിവരാജ്, നാരായണന് എന്നിവര്‍ ചേര്‍ന്ന് കിണര്‍ വൃത്തിയാക്കലിന് തുടക്കമിട്ടത്. ഇതിനോടകം നഗരത്തിലെ നിരവധി മാലിന്യക്കിണറുകളും കുളങ്ങളും ഇവര്‍ ശുചീകരിച്ചിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ എസ്.പി. അച്യുതാനന്ദന്റെ പൂര്‍ണ പിന്തുണയോടെയാണ് കിണര്‍ വൃത്തിയാക്കുന്ന പ്രവൃത്തി ആരംഭിച്ചത്. കിണറുകള്‍ വൃത്തിയാക്കുന്നതിനുള്ള സാമ്പത്തികസഹായവും സ്പോണ്‍സര്‍മാര്‍ മുഖേന ഇദ്ദേഹം നല്‍കുന്നുണ്ട്.
കോളനിയിലെ മറ്റൊരു കിണറും സ്വകാര്യ വ്യക്തിയുടെ കുളവും വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.
കിണര്‍ വൃത്തിയാക്കിയതിനുശേഷം കിണര്‍ ഗ്രില്ലിട്ട് മൂടി പരിപാലിക്കുകയും കുടിവെള്ളക്ഷാമം നേരിടുന്ന സമയത്ത് കിണറ്റിലെ വെള്ളം അത്തരം പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യവുമൊരുക്കുവാനാണ് തീരുമാനം. കിണര്‍ പരിസരവും വൃത്തിയാക്കി സായാഹ്നവേളകളില്‍ കോളനിവാസികള്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യവുമൊരുക്കുമെന്ന് അച്യുതാനന്ദന് പറഞ്ഞു.
നഗരസഭയിലെ കിണറുകളും കുളങ്ങളും വൃത്തിയാക്കുന്നതിനുള്ള പദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തിയിരുന്നു. വാര്‍ഡിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: