ന്യൂദല്‍ഹി: ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് ഗോഖലക്ക് ആഗസ്ത് 27ന് വൈകിട്ട് ചൈനീസ് പ്രതിനിധിയില്‍നിന്ന് ഒരു വിളിയെത്തുന്നു. എപ്പോള്‍ കാണാനാകുമെന്ന് ചോദ്യം. ഹോകോങ്ങിലാണെന്നും ആദ്യ വിമാനത്തില്‍ കയറിയാല്‍പ്പോലും അര്‍ദ്ധരാത്രി കഴിയുമെന്നും മറുപടി.
എത്രയും പെട്ടെന്ന് തലസ്ഥാനമായ ബെയ്ജിങ്ങിലെത്താന് പിന്നാലെ നിര്‍ദ്ദേശം. 73 ദിവസം നീണ്ട ദോക്ലാം പ്രതിസന്ധിയിലെ മഞ്ഞുരുകലിന്റെ വ്യക്തമായ സൂചനയായിരുന്നു ആ ഫോണ്‍ സന്ദേശം. വിജയകരമായ ചര്‍ച്ചയുടെ തുടക്കവുമായിരുന്നു അത്.
പുലര്‍ച്ചെ രണ്ട് മണിക്കാണ് ചൈനയുടെ വിദേശകാര്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഫോര്‍മുല ഉരുത്തിരിഞ്ഞു. ലോകം ഉറ്റുനോക്കിയ ബലാബലത്തിന് അവസാനമായി. പിറ്റേന്ന് ഇരു രാജ്യങ്ങളും നടത്തിയ പ്രഖ്യാപനം ദോക്ലാമിലെ സംഘര്‍ഷാവസ്ഥ അവസാനിക്കാന്‍ മാത്രമല്ല, പരസ്പര വിശ്വാസം വര്‍ദ്ധിപ്പിച്ച് നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കാനും ഉപകരിച്ചു.
ഇതിന്റെ വലിയ തെളിവായിരുന്നു ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് സീ ജിന്പിങ്ങും കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ച ഇരുനേതാക്കളും വികസനത്തിനായി കൈകോര്‍ക്കാനും തീരുമാനിച്ചു.
ചൈനയും ഇന്ത്യയും തമ്മിലുള്ളത് ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ബന്ധമാണെന്നും ഇതില്‍ വിള്ളല്‍ വീഴരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പ്രതികരിച്ചു. ഇന്ത്യ, ചൈന, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്ലാമിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്തിയുള്ള ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യ തടഞ്ഞതാണ് പ്രതിസന്ധിക്കിടയാക്കിയത്. റോഡ് നിര്‍മ്മാണം ഉപേക്ഷിക്കാന്‍ ചൈനയും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും തീരുമാനിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: