മണ്ണംപേട്ട : വാഹന പരിശോധനക്കിടെ വരന്തരപ്പിള്ളി പോലീസ് കാര്‍ യാത്രക്കാരായ നാലംഗ കുടുംബത്തെ പെരുവഴിയില്‍ ഇറക്കിവിട്ടു.
നെടുപുഴ സ്വദേശി കൊള്ളന്നൂര്‍ റാഫിയും കുടുംബവും സഞ്ചരിച്ചിരുന്ന സ്കോപിയോ കാറാണ് പോലീസ് തടഞ്ഞിട്ട് യാത്രക്കാരെ ഇറക്കിവിട്ടത്.
ശനിയാഴ്ച വിദേശത്തേക്ക് പോകാന്‍ ഇരിക്കുന്ന കുടുംബത്തെയാണ് പോലീസ് മണിക്കൂറുകള്‍ക്ക് മുന്‍പ് വഴിയിലിറക്കി വിട്ട് വാഹനം കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
കാറിന്റെ പുക പരിശോധനയുടെ കാലാവധി കഴിഞ്ഞതിനാല്‍ ആയിരം രൂപ പിഴയടക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആയിരം രൂപ കൈവശമില്ലെന്നും പിഴ കോടതിയില്‍ അടക്കാമെന്ന് റാഫി പറഞ്ഞെങ്കിലും വാഹനത്തില്‍ നിന്നും കുടുംബത്തെ ഇറക്കിവിട്ട് വാഹനം പോലീസ് കൊണ്ടുപോവുകയായിരുന്നു.
പിഴ ചുമത്തി റാഫിക്ക് നല്കിയ രശീത് ബലമായി പോലീസ് തിരിച്ചു വാങ്ങി കൊണ്ടുപോയതായും പറയുന്നു. ഇതിനിടെ വാഹനം ഓടിച്ചിരുന്ന റാഫിയുടെ മൂത്ത മകന് സനത്തിനെ പോലീസ് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും റാഫി തടയുകയായിരുന്നു.
റാഫിയുടെ ഭാര്യ ബിന്ദുവിന്റെ ഉടമസ്ഥതയിലാണ് വാഹനം. റാഫിയുടെ ഭാര്യയും രണ്ട് മക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. നെടുപുഴയില്‍ നിന്ന് വരന്തരപ്പിള്ളിയിലുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. വാഹനത്തിന്റെ മറ്റ് എല്ലാ രേഖകളും കൃത്യമായിട്ടും പുക ടെസ്റ്റിന്റെ രേഖയുടെ കാരണം പറഞ്ഞ് പെരുവഴിയില്‍ ഇറക്കി വിടരുതെന്ന് റാഫിയുടെ ഭാര്യ ബിന്ദു പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് മുഖവിലക്കെടുത്തില്ലെന്ന ആക്ഷേപമുണ്ട്. തുടര്‍ന്ന് കിലോമീറ്ററോളം ദൂരം നടന്നാണ് ഇവര്‍ വെണ്ടൂരിലുള്ള ബന്ധുവീട്ടിലേക്കെത്തിയത്.
പിന്നീട് രാത്രി ഏഴു മണിയോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ റാഫിയോടും ബന്ധുക്കളോടും പോലീസ് അപമര്യാദയായാണ് പെരുമാറിയതെന്ന് പറയുന്നു. സംഭവം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതിന്റെ പേരില്‍ പിഴയടച്ചാലും വാഹനം തരാന്‍ കഴിയില്ലെന്ന് പോലീസ് പറഞ്ഞതായി റാഫി അറിയിച്ചു.
എന്നാല്‍ പുക ടെസ്റ്റ് ഇല്ലാത്തതിനാല്‍ നൂറ് രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തയ്യാറാകാതെ വാഹനത്തില്‍ നിന്ന് ഇവര്‍ ഇറങ്ങി പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: