ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ 12 ന് പ്രവര്‍ത്തനം ആരംഭിക്കും. നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ചെയര്മാന് തോമസ് ജോസഫ് ഇക്കാര്യം അറിയിച്ചത്.
രാവിലെ 9.30 ന് മന്ത്രി ജി. സുധാകരന് ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രസഹായത്തോടെ ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ പത്തുകിടക്കകള്‍ ഉണ്ടാകും. പ്രതിദിനം 20 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുളള സേവനം ജനറല്‍ ആശുപത്രിയില്‍ നിന്നും ലഭിക്കും.
പത്ത് മെഷീനുകളാണ് ഇതിനായി ജനറല്‍ ആശുപത്രിയില്‍ ക്രമീകരിച്ചിട്ടുള്ളത്. പുറത്ത് 1,500 മുതല്‍ 3,000 രൂപ വരെയാണ് ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിനായി ഈടാക്കുന്നത്. സൗജന്യ നിരക്കില്‍ ഡയാലിസിസ് ലഭ്യമാക്കാനാണ് ആദ്യഘട്ടത്തില്‍ നഗരസഭ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 500 രൂപയായി നിജപ്പെടുത്തി.
ശനിയാഴ്ച ചേരുന്ന ആശുപത്രി മാനേജ്മെന്റ് സമിതിയില്‍ (എച്ച്എംസി) ഇക്കാര്യം ചര്‍ച്ച ചെയ്ത് ഡയാലിസിസിനു ചെറിയ ഒരു തുക ഈടാക്കാന്‍ തീരുമാനിക്കുമെന്നും ചെയര്മാന് അറിയിച്ചു. എയ്ഡ്സ് രോഗികള്‍ക്കായും ഒരു ഡയാലിസിസ് മെഷീന്റെ സേവനം ഇവിടെ നിന്നും ലഭ്യമാകും.
ആധുനിക രീതിയിലുള്ള ഡയാലിസിസ് സെന്ററാണ് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ടെക്നീഷ്യന്മാര്ക്കു പുറമെ നെഫ്രോളജിസ്റ്റിന്റെ സേവനവും ജനറല്‍ ആശുപത്രിയില്‍ ലഭിക്കും. നിലവില്‍ അറുപതോളം പേര് ഇതിനോടകം തന്നെ ഡയാലിസിസിനായി അപേക്ഷകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
നിലവില്‍ 25 ലക്ഷം രൂപ മോര്ച്ചറിയ്ക്കായി വകയിരുത്തിയിട്ടുണ്ട്. ജനുവരിയില്‍ മോര്‍ച്ചറിയും പ്രവര്‍ത്തന സജ്ജമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: