മാഹി: കോടികള്‍ മുടക്കി പണിതുടങ്ങിയ കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിനുള്ള കാത്തിരിപ്പ് തുടരുന്നു. മേല്‍പ്പാലത്തിന്റെ പ്രധാന പണി പൂര്‍ത്തിയായിട്ടും അനുബന്ധ പ്രവര്‍ത്തികള്‍ മുടങ്ങിയതാണ് കാത്തിരിപ്പിന് കാരണം. ഒരുഭാഗത്ത് ദേശീയപാതയുമായും, മറുഭാഗത്ത് കോറോത്ത് റോഡിലുമായ് മേല്‍പ്പാലം ബന്ധിപ്പിക്കുന്ന അപ്പ്രോച്ച് റോഡിന്റെ പണിയാണ് നടക്കേണ്ടത്. ഇതില്‍ ദേശീയപാതയുമായ് ചേരുന്ന ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതാണ് വര്‍ഷങ്ങളായ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. ഇതിന്റെ സ്ഥലം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൊയിലാണ്ടി ലാന്റ് അക്യുസിഷന്‍ തഹസില്‍ദാറുടെ ഓഫീസില്‍ നിന്നാണ്. അഞ്ചുവര്‍ഷമായിട്ടും ഇതിനാവശ്യമായ ഭൂമിയേറ്റെടുക്കാന്‍ ഇതുവരെ ഈ ഓഫീസിനായിട്ടില്ല. 2012ല്‍ തുടങ്ങിയ മേല്‍പ്പാലത്തിന്റെ പ്രധാനപണി 2016 ഓടെ സമയബന്ധിതമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 11.72 കോടി രൂപ ചിലവില്‍ കിറ്റ്കോ ആണ് നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയത്. കുഞ്ഞിപ്പള്ളി റെയില്‍വേ ഗേറ്റിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് മൂലം വന്‍ ഗതാഗതക്കകുരുക്ക് നിത്യസംഭവമാണ്. പലപ്പോഴും വാഹനങ്ങളുടെ നിര ദേശീയപാതയിലടക്കം കുഞ്ഞിപ്പള്ളി ടൗണില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കാറുണ്ട്. ഇതിനെ തുടര്‍ന്നാണ് ഗതാഗക്കുരുക്കിന് മോചനമായി മേല്‍പ്പാലം പണിയാന്‍ തീരുമാനമായത്. പ്രാധാന ജോലികള്‍ പൂര്‍ത്തിയായ മേല്‍പ്പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുത്ത് മേല്‍പ്പാലം യഥാര്‍ത്ഥ്യമാക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: