ന്യൂയോര്‍ക്ക് : ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നുവെന്ന സംശയത്തില്‍ പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്ത്തിക്കുന്നഹബീബ് ബാങ്കിന്റെ ന്യൂയോര്‍ക്ക് ശാഖ അടച്ചു പൂട്ടാന്‍ ഉത്തരവ്. 40-ാം വര്‍ഷത്തിലേക്ക് കടക്കുന്നതിനിടെയാണ് ബാങ്ക് അടച്ചുപൂട്ടാന്‍ യുഎസ് ബാങ്കിങ് റെഗുലേറ്റര്‍മാര്‍ നിര്‍ദേശം നല്‍കിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ബാങ്കിലൂടെ നടന്നിട്ടുണ്ടെ എന്ന് അധികൃതര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇടപാടുകള്‍ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ ബാങ്ക് അധികൃതര്‍ തയ്യാറായില്ല, ഇത്തരത്തില്‍ 13000ത്തോളം ഇടപാടുകള്‍ വ്യക്തമായി നിരീക്ഷിക്കാതെ ഹബിബ് ബാങ്ക് അനുവദിച്ചുവെന്നും അധികൃതര്‍ പറയുന്നു.
ഭീകര സംഘടനയായ അല്‍ ഖായിദയുമായി ബന്ധമുള്ള സൗദി അറേബ്യയിലെ സ്വകാര്യ ബാങ്ക് അല്‍ രാജ്ഹി ബാങ്കുമായി ബില്യണ്‍കണക്കിന് യുഎസ് ഡോളര്‍ ഇടപാടുകള്‍ ഹബീബ് ബാങ്ക് നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ശാഖ അടച്ചു പൂട്ടാനുള്ള യുഎസ് നിര്‍ദ്ദേശത്തോട് ഹബിബ് ആസ്ഥാനം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാനിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഹബിബ് ബാങ്ക്. 1978 മുതലാണ് ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: