മലപ്പുറം: സംസ്ഥാനപാതകളില്‍ ചതിക്കുഴികള്‍ നിറയുമ്പോഴും അനാസ്ഥ തുടരുകയാണ് പൊതുമരാമത്ത് വകുപ്പ്. കോഴിക്കോട്-ഊട്ടി റോഡ് കടന്നുപോകുന്ന മഞ്ചേരി നഗരത്തില്‍ വലിയ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഞ്ചേരി നെല്ലിപ്പറമ്പ് ജംഗ്ഷനിലുള്ള ഈ വലിയ കുഴി ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
നിലമ്പൂര്‍-പെരിമ്പിലാവ് സംസ്ഥാനപാതയുടെ അവസ്ഥയും വ്യത്യസ്തമല്ല. കരുവാരകുണ്ട് ചീനിപ്പാടം, പൂച്ചപ്പടി, അരിമണല്‍ ഭാഗങ്ങളിലാണ് ചതിക്കുഴികള്‍ ഏറെയും രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പെരുനാള് ഓണം ദിവസങ്ങളില്‍ ഓട്ടോറിക്ഷ തുടങ്ങി ഇരുചക്രവാഹനങ്ങളടക്കമുള്ളവയില് സഞ്ചരിച്ച യാത്രക്കാരായ നിരവധിയാളുകള്‍ക്ക് കുഴികളില്‍ വീണ് ഗുരുതര പരിക്കേറ്റിരുന്നു. മഴ പെയ്യുമ്പോഴും രാത്രി സമയങ്ങളിലുമാണ് അപകടകെണിയില്‍ വീണ് ജനങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത്. സംസ്ഥാന പാതക്കിരുവശവും അഴുക്കുചാല്‍ നിര്‍മ്മിക്കാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
മഴവെള്ളം ഒഴുകി പോകാതെ റോഡില്‍ തങ്ങിനില്ക്കുന്നു. അപരിചിതരായ ബൈക്കുയാത്രക്കാരാണ് കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ദിവസം കരുളായി സ്വദേശിയായ യുവാവും അദ്ദേഹത്തിന്റെ ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്ക് സംസ്ഥാന പാതയിലെ കുഴിയില്‍ പതിച്ച് നിയന്ത്രണംതെറ്റി വീണ് ഇരുവര്‍ക്കും മാരക പരിക്കേല്‍ക്കുകയുണ്ടായി.
ഒന്നരയടിയിലേറെ താഴ്ച്ചയുള്ള കുഴികളും സംസ്ഥാന പാതയില്‍ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് കുഴികള്‍ അടക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. റോഡുകള്‍ എളുപ്പത്തില്‍ തകരാന്‍ ഉദ്യോഗസ്ഥ- കരാര്‍ മാഫിയകളുടെ രഹസ്യ അജണ്ടയാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: