രഞ്ജിത്ത് ശ്രീരാഗം
പൂക്കോട്ടുംപാടം: മദ്യം കണ്ടാല്‍ മലയാളിക്കു പിന്നെ ഒന്നും വേണ്ട. തൊട്ടടുത്ത് പിടയുന്ന ജീവനുണ്ടെങ്കിലും ഒരു കുഴപ്പവുമില്ല. അതാണ് നിലമ്പൂര്‍ പൂച്ചക്കുത്തില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. നിലമ്പൂര്‍ പൂച്ചകുത്തില് വെച്ച് ബിയര്‍ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രകാരനായ യുവാവ് മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടന്‍ നിരവധി ആളുകള്‍ ഓടിക്കൂടി. പക്ഷേ എല്ലാവരും രക്ഷിക്കാന്‍ ശ്രമിച്ചത് വിലപ്പെട്ട മനുഷ്യജീവനെയല്ലായിരുന്നു. പകരം പൊട്ടാത്ത ബിയര്‍ കുപ്പികള്‍ എടുത്തുകൊണ്ട് ഓടുകയായിരുന്നു.
ഇതുകണ്ട് നടുറോഡില്‍ പിടയുന്ന ജീവനുകളെ നോക്കി ബിയര്‍ കുപ്പികള്‍ പോലും കരയുഞ്ഞിട്ടുണ്ടാകും. അതിനിടയില്‍ ആരോ ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. പരിക്കേറ്റവര്‍ നടുറോഡില്‍ കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനു വന്നവര്‍ ബിയര്‍ കുപ്പികള്‍ ശേഖരിക്കുകയാണെന്നും ഉടന്‍ എത്തണമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞതെന്ന് സ്റ്റേഷന് ഓഫീസര്‍ എം.അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ഈ സമയം അതുവഴി കടന്നു പോയ ഒരു വാഹനവും നിര്‍ത്താന്‍ കൂട്ടാക്കിയില്ല.
വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസിന്റെ കാക്കി വസ്ത്രം കണ്ടതോടെ പലരും ഓടാന്‍ തുടങ്ങി. ഫയര്‍ സ്റ്റേഷനിലെ വാഹനത്തിലാണ് പിന്നീട് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ ഷിറോണ്‍ ജോസഫ് മരണപ്പെട്ടിരുന്നു.
മണിക്കൂറുകളോളം തെരുവില്‍ പിടഞ്ഞ ഷിറോണിനെ ആരെങ്കിലും സഹായിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന് തിരിച്ച് കിട്ടുമായിരുന്നു.
മനുഷ്യത്വം മരിക്കാത്തവര്‍ക്ക് സര്‍ക്കാരിനോട് ചിലത് പറയാനുണ്ട്. ഈ ദുരന്തത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. എങ്കിലും സര്‍ക്കാര്‍ ബാറുകള്‍ വീണ്ടും തുറക്കുകയാണെന്നറിയാന് കഴിഞ്ഞു. ദയവ് ചെയ്ത് മദ്യത്തിന്റെ ലഭ്യത കുറക്കണമെന്ന് അപേക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: