കൊച്ചി: സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായി കൊണ്ടുവന്ന വേതന സുരക്ഷാ പദ്ധതി ഇടത് സര്‍ക്കാര്‍ അട്ടിമറിച്ചു. സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം സ്ഥാപനങ്ങളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ 15,000 ഓളം സ്ഥാപനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. വന്‍കിട സ്വകാര്യ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും ഇപ്പോഴും വേതന സുരക്ഷാ പദ്ധതിക്ക് പുറത്താണ്. ഇവിടങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മിനിമം വേതനം പോലും ലഭിക്കുന്നില്ല.
2015 ജൂലൈയില്‍ യുഡിഎഫ് സര്‍ക്കാറാണ് വേതന സുരക്ഷാ പദ്ധതി ആവിഷ്കരിച്ചത്. തൊഴില്‍വകുപ്പ് തയ്യാറാക്കിയ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം വഴി ബാങ്ക് അക്കൗണ്ടിലേക്കാണ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കേണ്ടത്. മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭിക്കുന്നതോടെ ഓരോ ജീവനക്കാര്‍ക്കും ലഭ്യമാകുന്ന വേതനം എത്രയാണെന്ന് തൊഴില്‍ വകുപ്പിന് നിരീക്ഷിക്കാനാകുന്നതായിരുന്നു പദ്ധതി.
എന്നാല്‍, ഇടത് സര്‍ക്കാര്‍ എത്തിയതോടെ സ്വകാര്യ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കുന്ന നടപടികള്‍ മന്ദഗതിയിലായി. ചില സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ചേരുന്നതിനെതിരെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. എന്നാല്‍, സ്റ്റേ നീക്കാനുള്ള മറ്റു നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിട്ടില്ല. സ്റ്റേ വാങ്ങാതെ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ച് മിനിമം വേതനം 11,000 രൂപയെങ്കിലും പ്രതിമാസം നല്‍കേണ്ടതാണ്. എന്നാല്‍, വന്‍കിട സ്ഥാപനങ്ങളില്‍ പലയിടത്തും 5000 മുതല്‍ 8000 രൂപ വരെ മാത്രം നല്കി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുണ്ട്. തൊഴിലാളികള്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള നടപടികളാണ് നേരിടേണ്ടി വരുന്നത്.
മിനിമം വേതനം നല്‍കാത്തതും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളുടെ രജിസ്റ്റര്‍ സൂക്ഷിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. 500 രൂപയായിരുന്നു പിഴ. ഇത് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിനുള്ള ഭേദഗതി നിയമ സഭാ സബ്ജക്ട് കമ്മിറ്റി മുന്നിലുണ്ട്. എന്നാല്‍, ഇതിന് നിയമ സാധുത ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: