തൃശൂര്‍: കത്തിനിന്ന വെയിലും കാത്തുനിന്ന ആവേശവും മഴയില്‍ കുതിര്‍ന്നു. അരമണികിലുക്കി ചുവടുവെച്ചെത്തിയ പുലിക്കൂട്ടം പക്ഷേ പിന്തിരിഞ്ഞില്ല. തൃശൂരിന്റെ നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ച് പുലിക്കൂട്ടം തോരാ മഴയിലും ചുവടുവെച്ചു. മണിക്കൂറുകള്‍ കാത്തുനിന്ന ജനം മഴനനഞ്ഞൊലിച്ച് ആവേശപൂര്‍വ്വം ആര്‍പ്പുവിളിച്ച് സ്വാഗതമോതി.
വൈകിട്ട് നാലുമണിയോടെ പുലിമടകളില്‍ നിന്ന് പുറപ്പാട് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അഞ്ചുമണിക്ക് ശേഷമാണ് പുലിപ്പട മടകള്‍ വിട്ടിറങ്ങിയത്. ആദ്യം വിയ്യൂര്‍ ദേശവും തുടര്‍ന്ന് അയ്യന്തോള്‍, കാനാട്ടുകര, കോട്ടപ്പുറം, നായ്ക്കനാല്‍, വടക്കെ അങ്ങാടി ദേശങ്ങളും സ്വരാജ് റൗണ്ട് കീഴടക്കാനെത്തി.
നിശ്ചല ദൃശ്യങ്ങള്‍ പുലിഘോഷയാത്രയ്ക്ക് മിഴിവേകി. ജനലക്ഷങ്ങള്‍ പുലിക്കളി കാണാന്‍ തൃശൂരിലെത്തി.
ആറ് സംഘങ്ങളിലായി മുന്നൂറോളം പുലികളാണ് നഗരത്തിലിറങ്ങിയത്. കരിമ്പുലികളും പുള്ളിപ്പുലികളും വരയന്‍ പുലികളും സംഘങ്ങളിലുണ്ടായിരുന്നു. കുട്ടിപ്പുലികള്‍ മുതല്‍ വയസ്സന് പുലികള്‍വരെ കൗതുകമായി.
ഒരു ഡസന്‍ പെണ്‍പുലികളും ഇക്കുറി രംഗത്തിറങ്ങി. കോട്ടപ്പുറം സംഘത്തിലായിരുന്നു പെണ്‍പുലികളുടെ വരവ്. വന്‍ വരവേല്‍പ്പാണ് പെണ്‍പുലികള്‍ക്ക് കാണികള്‍ നല്‍കിയത്. മുപ്പതംഗ വനിതാസംഘമാണ് പെണ്‍പുലികള്‍ക്ക് അകമ്പടിയായി വാദ്യമൊരുക്കിയത്. ഇതും പുതുമയായി. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, വി.എസ്.സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജ് തുടങ്ങിയവര്‍ കാണികളായുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: