കൊച്ചി: കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ പോര് മുറുകുന്നു. അവകാശവാദവുമായി എ-ഐ ഗ്രൂപ്പുകള്‍ രംഗത്ത്. എല്ലാവര്ക്കും പൊതുസമ്മതനായ ആള് പ്രസിഡന്റ് പദവിയിലേക്ക് വരണമെന്നാണ് എംപിമാരുള്‍പ്പെടെയുള്ള ഭൂരിപക്ഷ കോണ്‍ഗ്രസ് നേതാക്കളും ആഗ്രഹിക്കുന്നത്. എന്നാല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇതിനോട് വിയോജിപ്പുണ്ട്. തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്തെണമെന്നാണ്് ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
ഉമ്മന്‍ചാണ്ടിക്ക് പാര്‍ട്ടിയില്‍ ഇപ്പോഴും വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് നടന്നാല്‍ എ ഗ്രൂപ്പ് നോമിനി ജയിക്കും. എന്നാല്‍, തിരഞ്ഞെടുപ്പ് നടത്തുന്നത് പാര്‍ട്ടിക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്നും ഗ്രൂപ്പ് പിന്നെയും ശക്തമാകാനിടയാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എല്ലാവര്ക്കും സ്വീകാര്യനായ ഒരാള്‍ പ്രസിഡന്റാവണം എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കും ഇതിനോട് യോജിപ്പാണ്. തിരഞ്ഞടുപ്പു വന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും എംപിമാരില്‍ ചിലര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം ഇപ്പോഴും മുന്‍ പ്രസിഡന്റ് വി.എം. സുധീരന് ആ പദവിയിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതനായ ഒരാള്‍ വേണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കില്‍ സുധീരന് വീണ്ടും സാധ്യത തെളിയും.
എം.എം. ഹസ്സന് പ്രസിഡന്രായി തുടരുന്നതിനോട് എ ഗ്രൂപ്പ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ എ ഗ്രൂപ്പ് നേതാക്കള്‍ ഉടന്‍ യോഗം ചേര്‍ന്ന് നോമിനിയെ കണ്ടെത്തിയേക്കും. ഐ ഗ്രൂപ്പില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. ഒരു വിഭാഗം എം.എം. ഹസ്സന് തുടരണമെന്നു വാദിക്കുന്നു. മറ്റൊരു വിഭാഗത്തിന് കെ. സുധാകരനോടാണ് പ്രിയം. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയുടെ തീരുമാനം നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: