കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടത്തുന്ന ഘോഷയാത്രകള്‍ക്ക് കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎം നടത്തുന്ന ഘോഷയാത്രയും നടത്തുന്നതിനായി സംഘാടകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗം സ്റ്റേഷന് തലത്തിലും സര്‍ക്കിള്‍തലത്തിലും സബ്ഡിവിഷന് തലത്തിലും വിളിച്ച് ചേര്‍ത്ത് പരിപാടികളുടെ റൂട്ടും സമയക്രമവും തീരുമാനിച്ചതിന് ശേഷം മാത്രമേ അനുമതി നല്കുകയുള്ളൂവെന്ന് എസ്പി അറിയിച്ചു.
അലങ്കാരങ്ങളും ബാനറുകളും സമവായത്തോടുകൂടി അനുവദിക്കപ്പെട്ട സ്ഥലത്ത് മാത്രം രാത്രി 8 മണിക്ക് മുമ്പ് തന്നെ ചെയ്തുതീര്‍ക്കണം. പരിപാടി കഴിഞ്ഞയുടന്‍ സംഘാടകര്‍ അവ അഴിച്ചുമാറ്റേണ്ടതാണ്. ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് ഒരുതരത്തിലും ഗതാഗത തടസ്സം ഉണ്ടാകുന്നില്ലെന്ന് സംഘാടകര്‍ ഉറപ്പുവരുത്തേണ്ടതാണ്.
അനുവദനീയമായതിലും കൂടുതല്‍ ശബ്ദതീവ്രതയുള്ള സൗണ്ട് സിസ്റ്റം ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൗണ്ട്സിസ്റ്റം ഉടമസ്ഥന്റെ പേരില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഗതാഗതതടസ്സം ഉണ്ടാക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.
ഘോഷയാത്രകള്‍ക്കുള്ള അനുമതി അപേക്ഷയില്‍ ഘോഷയാത്ര തുടങ്ങുന്ന സ്ഥലം, സമയം, അവസാനിക്കുന്ന സ്ഥലം, സമയം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം, അണിനിരക്കുന്ന പ്ലോട്ടുകള്‍ എന്നിവ വ്യക്തമായി പറഞ്ഞിരിക്കേണ്ടതാണ്. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളിലുള്ളതും പ്രധാനപ്പെട്ടതുമായ എല്ലാഘോഷയാത്രകളും വീഡിയോകവറേജ് ചെയ്യും.
ഘോഷയാത്രയില്‍ പ്രകോപനം സൃഷ്ടിക്കുന്നതരത്തിലുള്ള മുദ്രാവാക്യങ്ങളോ, മറ്റുവിഭാഗങ്ങളെ അവഹേളിക്കുന്നതരത്തിലുള്ള പ്ലോട്ടുകളോ ഉള്‍പ്പെടുത്താതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണം. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
വാഹനങ്ങളുടെ മുകളില്‍ കയറിനിന്ന് കൊടികള്‍ വീശുവാനോ നൃത്തംചെയ്യുവാനോ പാടില്ലാത്തതാണ്. അതുപോലെ ഇരുചക്രവാഹനങ്ങളില്‍ വലിയ കൊടികളുമായി ഘോഷയാത്ര അനുഗമിക്കാന്‍ പാടില്ല. ഘോഷയാത്രകടന്നുപോകുന്ന സമയത്ത് ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചരക്ക് ലോറികളും ടാങ്കര്‍ ലോറികളും ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് യാത്രാ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്നും എസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: