തളിപ്പറമ്പ്: തളിപ്പറമ്പ് വെള്ളിക്കീലിനു സമീപത്തെ പറപ്പൂല്‍ കയ്യംതടത്തില്‍ മാരകശേഷിയുള്ള രണ്ട് ഐസ്ക്രീം ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. തളിപ്പറമ്പ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ബോംബുകള്‍ ഇന്ന് രാവിലെ എട്ടോടെ ബോംബ് സ്ക്വാഡ് എത്തി നിര്‍വ്വീര്യമാക്കും. പറപ്പൂല്‍ കയ്യംതടത്തിനു സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ചൈനാക്ലേ ഫാക്ടറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കാടുകയറിയ കെട്ടിടത്തോട് ചേര്‍ന്ന ചെറിയ ഷെഡ്ഡിലാണ് ഇന്നലെ വൈകുന്നേരം ആറരയോടെ ബോംബുകള്‍ കണ്ടെത്തിയത്. ഒരെണ്ണം തറയിലെ മണ്ണില്‍ കുഴിച്ചിട്ട നിലയിലും, മറ്റൊന്ന് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ് പൂഴിയില്‍ പൂഴ്ത്തിവെച്ച നിലയിലുമാണുണ്ടായത്.
ആള്പെരുമാറ്റമില്ലാത പഴയ കെട്ടിടത്തിലേക്ക് കാടുകള്‍ക്കിടയിലൂടെ നടന്നുപോയതായി ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് ബോംബുകള്‍ കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തുകയും ബോംബുകള്‍ സുരക്ഷിതമായി സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡ് എസ്ഐമാരായ ടി.വി.ശശിധരന്, എം.ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ബോംബ് സ്ക്വാഡ് ബോംബുകള്‍ ഉഗ്രശേഷിയുള്ളവയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജില്ലയില്‍ ഇതുവരെ കണ്ടെടുത്ത ഐസ്ക്രീം ബോബുകളില്‍ ഏറ്റവും മാരകശേഷിയുള്ളതാണ് ഈ ബോംബുകള്‍. കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതിനാലാണ് നിര്‍വീര്യമാക്കല്‍ ഇന്നത്തേക്ക് മാറ്റിയത്. ഐസ്ക്രീംബോളില് നിറച്ച ബോംബിന് പുറമേ ഇന്സുലേഷന്ടാപ്പ് കൊണ്ട് കവര്ചെയ്ത നിലയിലാണുള്ളത്. ബോംബ് പരിശോധനാ സംഘത്തില്‍ അഡീ.എസ്ഐ കെ.ബി.അബ്ദുള്‍ നാസറിനൊടൊപ്പം െ്രെഡവര്‍ രമേശന്, സിപിഒ നിഷാല്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: