ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പ് ഇന്ന്. എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവരുള്‍പ്പെട്ട ഇടത് സഖ്യം, എബിവിപി, എഐഎസ്എഫ്, ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന് (ബാപ്സ) എന്നിവരാണ് മത്സരംഗത്തുള്ളത്. ചെയര്മാന് സ്ഥാനാര്‍ത്ഥികള്‍ മുഴുവനും പെണ്‍കുട്ടികളാണ്. നിതി ത്രിപാഠിയാണ് എബിവിപി സ്ഥാനാര്‍ത്ഥി.
ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന് ഇടത് സംഘടനകള്‍ കോളേജില്‍ അനുസ്മരണം നടത്തി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് നേരത്തെ വന്‍ വിവാദമായിരുന്നു. യൂണിയന് ചെയര്മാന് കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന സംഭവം എബിവിപിക്ക് ഗുണം ചെയ്തു.
തുടര്‍ന്ന് വിശാല സഖ്യമുണ്ടാക്കിയാണ് ഇടത് സംഘടനകള്‍ മത്സരിച്ചത്. കനയ്യകുമാറിന്റെ എഐഎസ്എഫിന് സീറ്റ് നല്‍കിയതുമില്ല.
ഇത്തവണ ഇടത് സഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാനാണ് എഐഎസ്എഫിന്റെ തീരുമാനം. സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയാണ് ചെയര്മാന് സ്ഥാനാര്‍ത്ഥി.
കശ്മീരിലെ ഐഎസ് അനുകൂലിയുമായി അപരാജിതയ്ക്ക് ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തവണയും മാവോയിസ്റ്റ് അനുകൂല സംഘടനയായ ഐഎസുമായി ചേര്‍ന്ന് മത്സരിക്കുന്ന എസ്എഫ്ഐ, ചെയര്മാന് സ്ഥാനാര്‍ത്ഥിയെയും അവര്‍ക്ക് നല്കി.
സഖ്യത്തിലുള്ള ഡിഎസ്എഫ്, പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് സിപിഎം പിന്തുണച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഉപേക്ഷിച്ചവരുടെ സംഘടനയാണ്.
കഴിഞ്ഞ വര്‍ഷം ആദ്യമായി മത്സരിച്ച ബാപ്സ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇടത് സഖ്യത്തില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ബാപ്സയ്ക്ക് വോട്ടുമറിക്കുകയായിരുന്നു. എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയുള്ളത് ഇടത് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് എബിവിപി നേതാവ് സൗരഭ് ശര്‍മ്മ പറഞ്ഞു.
ബാപ്സക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച വോട്ടുകള്‍ എഐഎസ്എഫിന്റേതാണ്. ഇത്തവണ അവര്‍ക്കും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല. എബിവിപി വിജയ പ്രതീക്ഷയിലാണ്- അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ തെരഞ്ഞെടുപ്പ്. എബിവിപിയാണ് നിലവില്‍ യൂണിയന് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: