കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും റോഡ് വികസനത്തിന് വേണ്ടി ബഹളം കൂട്ടുന്നുണ്ടെങ്കിലും ഭരണതലത്തില്‍ തീരുമാനം നടപ്പാകുന്നില്ല. ഇരുപക്ഷത്തെയും നേതാക്കളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് റോഡ് വികസനത്തെ അട്ടിമറിക്കുന്നത്.
ജനപ്രതിനിധികള്‍ തമ്മിലുള്ള വടംവലി മുതല്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സമ്മര്‍ദ്ദവും സ്വാധീനവും വരെ റോഡ് വികസനത്തെ തടസ്സപ്പെടുത്തുകയാണ്. വേങ്ങര, കസബ, ചേവായൂര്‍,വില്ലേജ് ഓഫീസുകളില്‍ നിന്ന് ഫയല്‍ കാണാതായത് മുതല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള ഒളിച്ചുകളിയും റോഡ് വികസനത്തിന് തടസ്സമായത് ചരിത്രം. ചില ജില്ലാ കലക്ടര്‍മാരുടെ നിലപാടുകളും വിമര്‍ശന വിധേയമായി. സര്‍ക്കാര്‍ ഭൂമി അവസാനം മാത്രമേ വിട്ടു നല്‍കൂ എന്ന് വിധിയെഴുതിയ കലക്ടര്‍ വരെ ഉണ്ടായി. ഭൂമി ഏറ്റെടുക്കുന്നതില്‍ വന്ന വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് സംശയത്തിന്റെ നിഴല്‍ വീഴ്ത്തി.
52 കോടി എസ്റ്റിമേറ്റില്‍ ആരംഭിച്ച ഭൂമി ഏറ്റെടുക്കല്‍ ചെലവ് ഇന്ന് 350 കോടി രൂപയില്‍ എത്തി നില്ക്കുന്നു. ഭൂമി നല്‍കുന്നവര്‍ക്ക് ശരാശരി വിലയില്‍ നിന്ന് മാറി പ്രതിഫലത്തുക കൂടുതല്‍ നല്‍കണമെന്ന 2014 ലെ കേന്ദ്ര നിയമം റോഡ് വികസനത്തിന്റെ പേരില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി. വികസനത്തിന്റെ ആനുകൂല്യം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ലഭിക്കണമെന്ന ലക്ഷ്യം വെച്ചാണ് 2014 ല്‍ കേന്ദ്ര നിയമം നിലവില്‍ വന്നത്. ഇപ്പോള്‍ മാനാഞ്ചിറയില്‍ സെന്റിന് 26 ലക്ഷവും വെള്ളിമാട്കുന്നില്‍ പതിനാറര ലക്ഷവുമാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.
എന്നാല്‍ മലാപ്പറമ്പ് ജംഗ്ഷനില്‍ ഒഴിപ്പിക്കപ്പെട്ട കടയുടമകള്‍ക്ക് ഇതുവരെ നഷ്ടപരിഹാരത്തുക നല്‍കിയിട്ടില്ല. 38 കച്ചവടക്കാരാണ് സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് വികസനത്തിന് കൂട്ടുനിന്നത്. എന്നാല്‍ ഇതുവരെ നഷ്ടപരിഹാരം നല്കാന് കഴിയാത്തത് ഉദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കുന്നു. എരഞ്ഞിപ്പാലത്ത് 67 സെന്റ് സ്ഥലം നോട്ടിഫിക്കേഷനില്‍ നിന്ന് ഒഴിവായതിനെക്കുറിച്ചും സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. 42 കോടി രൂപയുടെ ഭൂമി നിലവിലെ ജില്ലാ കലക്ടറുടെ താല്‍പ്പര്യപ്രകാരം സര്‍ക്കാരിലേക്ക് രജിസ്റ്റര്‍ ചെയ്തെങ്കിലും ഉടമകള്‍ക്ക് തുക നല്‍കാനായിട്ടില്ല. അനുവദിച്ച 42 കോടി രൂപ കലക്ടറുടെ ഫണ്ടിലെത്താത്തതിനെക്കുറിച്ചും സര്‍ക്കാരിന് മിണ്ടാട്ടമില്ല.
കഴിഞ്ഞ മെയ് 26ലെ ഉത്തരവ് പ്രകാരം റോഡ് വികസനത്തിന് 50കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും രണ്ടാം ഗഡുവായി വീണ്ടും ജൂണില്‍ 50 കോടിയും ബാക്കി തുക നവംബറിന് മുന്‍പായും അനുവദിക്കാമെന്ന് മന്ത്രിമാര്‍ സമ്മതിച്ചതുകൊണ്ട് കഴിഞ്ഞ മെയ് 27ന് പ്രഖ്യാപിച്ചിരുന്ന ഉപരോധസമരം എ.പ്രദീപ്കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ത്ഥനപ്രകാരം മാറ്റിവെക്കുകയായിരുന്നു.
ഫണ്ട് ലഭിക്കുമെന്ന ഉറപ്പിന്മേല് ജില്ലാ കലക്ടര്‍ പിറ്റേന്നുതന്നെ റവന്യു ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മൂന്നാഴ്ചക്കകം തുക വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 42 കോടിയുടെ ഭൂമി രജിസ്റ്റര്‍ ചെയ്ത് പോക്കുവരവ് നടത്തുകയുണ്ടായി. എന്നാല്‍ അനുവദിച്ച 50 കോടി രൂപ 100 ദിവസം പിന്നിട്ടിട്ടും ലഭ്യമാകാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇതുവരെ ഭൂമിവില നല്‍കാനായില്ല. കടകള്‍ ഒഴിഞ്ഞുകൊടുത്തവര്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കാനായില്ല. 100 കോടിയെങ്കിലും ഉടന്‍ ലഭ്യമാക്കിയാല്‍ മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ. നഗരപാതാ വികസനത്തിലെ പ്രധാനപ്പെട്ട് ഈ റോഡിന്റെ വികസനം തീര്‍ത്തും അവഗണിക്കപ്പെട്ടപ്പോഴാണ് എം.ജി.എസിന്റെ നേതൃത്വത്തില്‍ ബഹുജനപ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ എംജിഎസിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയെപ്പോലും കബളിപ്പിക്കുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: